ബീജിങ് : എല്ലാ തൊഴില്‍ മേഖലകളിലേക്കും ലിംഗഭേദമില്ലാതെ സ്ത്രീകള്‍ ആവേശപൂര്‍വം കടന്നു വരുന്ന കാലഘട്ടമാണിത്. വളരെ ആയാസം വേണ്ട ജോലികളില്‍ പോലും എര്‍പ്പെടാന്‍ സ്ത്രീകള്‍ ഇന്ന് തയ്യാറാണ്. ഏറെ നാളായി പുരുഷന്‍ കൈയ്യടക്കി വെച്ചിരുന്ന കെട്ടിട നിര്‍മ്മാണ മേഖലയിലെ ആയാസം നിറഞ്ഞ ജോലികള്‍ പോലും ഏറ്റെടുത്ത് ചെയ്യാന്‍ സ്ത്രീകള്‍ക്ക് ഇന്ന് ഒട്ടും മടിയില്ല.
ഇത്തരത്തില്‍ കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ തന്റെ തിളങ്ങുന്ന സൗന്ദര്യം കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച യുവതിയാണ് ചൈനീസ് സ്വദേശിനിയായ ക്സിയോ മി. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പുരുഷന്‍മാര്‍ മാത്രം കൈയ്യടക്കി വെച്ചിരുന്ന പല ദുര്‍ഘടമായ ജോലികളും ക്സിയോ മി ധൈര്യപ്പൂര്‍വം ഏറ്റെടുത്ത് ചെയ്യും. സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിന് വേണ്ടിയാണ് ക്സിയോ മിയുടെ ഈ കഷ്ടപ്പാട് മുഴുവന്‍.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന യുവതി സ്വന്തം മകനെ വളര്‍ത്താന്‍ മാതാപിതാക്കളുടെ സഹായം തേടുവാന്‍ ഒരുക്കമല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് പണം സമ്പാദിക്കുവാന്‍ വേണ്ടി കെട്ടിട നിര്‍മ്മാണ മേഖലയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. സ്വന്തമായി അദ്ധ്വാനിച്ച് പണം സമ്പാദിക്കുന്നതിനാല്‍ താന്‍ പൂര്‍ണ്ണ സംതൃപ്തയാണെന്ന് ക്സിയോ മി പറയുന്നു.
കൂടാതെ ഇത്തരത്തില്‍ പുരുഷന്‍മാര്‍ അടക്കി വാഴുന്ന മേഖലയില്‍ എങ്ങനെ എത്തിപ്പെട്ടു എന്ന് ചോദിച്ചാല്‍ അങ്ങനെ ഈ ലോകത്ത് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്ക് വേറെ വേറെ ജോലികളുണ്ടോ എന്നാണ് ക്സിയോ മിയുടെ കുസൃതിയോടെയുള്ള മറുചോദ്യം. എത്ര വലിയ കഷ്ടപ്പാടുകള്‍ക്കിടയിലും സ്വന്തമായൊരു വീട് എന്ന തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഈ യുവതി.