ലോകകപ്പിൽ ഇന്ത്യക്കെതിരെ തോൽവി ഏറ്റുവാങ്ങിയതിന്റെ മാനക്കേടിൽ നിൽക്കുന്ന പാകിസ്ഥാൻ ടീമിൽ കാര്യങ്ങൾ ശരിയാകുന്നില്ല.
ടീമിൽ ഗ്രൂപ്പ് പോരും തർക്കവും രൂക്ഷമാണെന്നാണ് പാക് മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യക്കെതിരായ മത്സരത്തിൽ തോൽവിക്ക് കാരണം ഇമാദ് വാസിമിന്റെയും ഇമാം ഉൾ ഹഖിന്റെയും സമീപനങ്ങളാണെന്ന് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് പറഞ്ഞെന്നാണ് പാക് ടെലിവിഷൻ ചാനലായ സമാ റിപ്പോർട്ട് ചെയ്യുന്നത്.
നിർണായക മത്സരത്തിൽ ഇരുവരും തനിക്ക് പിന്തുണ നൽകിയില്ലെന്നും ടീമിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ നീക്കം നടത്തിയെന്നുമാണ് റിപ്പോർട്ട്.
മുഹമ്മദ് ആമിറിന്റെയും ഇമാദ് വാസിമിന്റെയും നേതൃത്വത്തിൽ രണ്ട് ഗ്രൂപ്പുകൾ പാക് ടീമിൽ ഉണ്ടെന്നാണ് മറ്റൊരു ചാനലായ ദുനിയ ആരോപിക്കുന്നത്.
ഇരുവരും ചേർന്ന് നടത്തുന്ന നീക്കങ്ങളാണ് ടീമിന്റെ തോൽവിക്ക് കാരണമാകുന്നത്. മുതിർന്ന താരമായ ഷൊയ്ബ് മാലിക്കും ഗ്രൂപ്പ് കളിയുടെ നേതാവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സഹതാരങ്ങൾക്ക് മുന്നറിയിപ്പുമായി സർഫ്രാസ് രംഗത്തുവന്നു. ”കാര്യങ്ങൾ നമുക്ക് അനുകൂലമായി സംഭവിച്ചിട്ടില്ലെങ്കിൽ ടീമിലുള്ള എല്ലാവരും പാക്കിസ്ഥാനി ജനതയോട് മറുപടി പറയേണ്ടി വരും.
താൻ ഒറ്റയ്ക്കല്ല നാട്ടിലേക്ക് മടങ്ങുക” – എന്നും അദ്ദേഹം താരങ്ങളെ ഓർമിപ്പിച്ചു.