ഇത്തവണത്തെ ആദ്യ മത്സരം ഏകദിന ലോകകപ്പിലെ ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലഥാമിന് നഷ്ടമായേക്കും.
ബ്രിസ്ബേനിൽ ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തിൽ ലഥാമിന്റെ വിരലിന് പരിക്കേറ്റിരുന്നു. ജൂൺ ഒന്നിന് ശ്രീലങ്കയ്ക്ക് എതിരെയാണ് ലോകകപ്പിൽ ന്യൂസീലൻഡിന്റെ ആദ്യ മത്സരം.
എക്സ്റോ പരിശോധനകൾക്ക് വിധേയനായ താരത്തിന് ലോകകപ്പ് സംഘത്തിനൊപ്പം ഇംഗ്ലണ്ടിലേക്ക് സഞ്ചരിക്കാനാകും എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.
ആദ്യ മത്സരത്തിന് മുൻപ് ലഥാമിന് ഫിറ്റ്നസ് വീണ്ടെടുക്കാനായില്ലെങ്കിൽ സ്ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പറായ ടോം ബ്ലെൻഡലിന് ലോകകപ്പിൽ ഏകദിന അരങ്ങേറ്റത്തിന് അവസരം തെളിയും.
ടിം സീഫേർട്ട്, ബി ജെ വാട്ലിംഗ് എന്നിവരെ റിസർവ് വിക്കറ്റ് കീപ്പർമാരായി പരിഗണിക്കുന്നുണ്ടെന്ന് ചീഫ് സെലക്ടർ ഗാവിൻ ലാർസൻ വ്യക്തമാക്കി.
ലോകകപ്പിന് മുൻപ് ഇന്ത്യക്കും വെസ്റ്റ് ഇൻഡീസിനും എതിരായ വാംഅപ്പ് മത്സരങ്ങളിൽ ബ്ലെൻഡൽ ആവും ഗ്ലൗസണിയുക. മെയ് 25, 28 തിയതികളിലാണ് ഈ മത്സരങ്ങൾ.