പരിധിവിട്ട ശരീര പ്രദര്‍ശനം; ഗായികയ്ക്ക് വധഭീഷണി

44

ലണ്ടന്‍: സംഗീത ആല്‍ബത്തില്‍ പരിധിവിട്ട ശരീര പ്രദര്‍ശനത്തിന് കിര്‍ഗിസ്ഥാനിലെ ഗായിക സെറെ അസില്‍ ബെക്കിനെതിരെ വധഭീഷണി. നൂറിലധികം പേര്‍ ഭീഷണിയുമായി രംഗത്തെത്തിയതോടെ ഗായികയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടി എന്നര്‍ത്ഥം വരുന്ന കിസ് (kyz) എന്നതാണ് ആല്‍ബത്തിന്റെ പേര്.

Advertisements

കിര്‍ഗിസ്ഥാനിലെ ലിംഗ വിവേചനത്തിനെതിരെയും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് പൊതുസമൂഹത്തില്‍ ചര്‍ച്ചയുണ്ടാക്കണം എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ചതാണ് ഈ വീഡിയോ ആല്‍ബം.

കുട്ടിപ്പാവാടയും ബട്ടണിടാത്ത മേലുടുപ്പും ധരിച്ച് ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് സദാചാരവാദികളെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിക്കുന്നതിനെതിരെയും സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനത്തിനെതിരെയുമാണ് സെറ അസില്‍ബെക്ക് സംഗീത ആല്‍ബത്തിലൂടെ പ്രതികരിച്ചത്.

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് കിര്‍ഗിസ്ഥാനില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഒരു ആചാരമാണ്. ഇതിനെതിരെ പലരും ശബ്ദമുയര്‍ത്തിയെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

അടുത്തിടെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയെ ബലമായി വിവാഹം കഴിപ്പിക്കുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ ആളെയും പെണ്‍കുട്ടിയെയും പൊലീസ് സ്റ്റേഷനില്‍ ഒറ്റയ്ക്ക് വിട്ട് ഉദ്യോഗസ്ഥര്‍ പുറത്തുപോയപ്പോഴാണ് കൊലപാതകം നടന്നത്. ഇതിനെക്കുറിച്ച് കാര്യമായ അന്വേഷണവും ഇതുവരെ ഉണ്ടായില്ല.

Advertisement