ഐപിഎല്ലില്‍ ബുധനാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ്-കിങ്സ് ഇലവന്‍ പഞ്ചാബ് പോരാട്ടത്തില്‍ ശ്രദ്ധേയമായത് രണ്ട് വെസ്റ്റിന്‍ഡീസ് ബാറ്റ്സ്മാന്‍മാരുടെ വെടിക്കെട്ട് ബാറ്റിങായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ക്രിസ് ഗെയ്ല്‍ ഏഴ് സിക്സറുകള്‍ പറത്തിയപ്പോള്‍ മറ്റൊരു വിന്‍ഡീസ് താരമായ കെയ്റോണ്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിനെ പത്ത് സിക്സുകള്‍ തൂക്കിയാണ് വിജയത്തിലേക്ക് നയിച്ചത്.
198 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ ഒരു ഘട്ടത്തില്‍ എട്ട് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെന്ന നിലയിലായിരുന്നു.
രോഹിതിന്റെ അഭാവത്തില്‍ പൊള്ളാര്‍ഡായിരുന്നു ടീമിനേയും നയിച്ചത്. സ്വയം സ്ഥാനം കയറി ബാറ്റിങിനിറങ്ങിയ പൊള്ളാര്‍ഡ് വെറും 31 പന്തില്‍ അടിച്ചെടുത്തത് 83 റണ്‍സായിരുന്നു.
നായകന്റെ കളിയാണ് മുംബൈ ജയം സാധ്യമാക്കിയത്. കളിയിലെ താരമായി പൊള്ളാര്‍ഡ് മാറുകയും ചെയ്തു.
അവിസ്മരണീയമായ ഇന്നിങ്സിലൂടെ മുംബൈ ഇന്ത്യന്‍സിന് അപ്രാപ്യമെന്ന് കരുതിയ വിജയം നേടിക്കൊടുത്ത പൊള്ളാര്‍ഡ് തന്റെ ഇന്നിങ്സും ടീമിന്റെ വിജയവും ഭാര്യ ജെന്ന അലിക്ക് സമര്‍പ്പിച്ചു.
ഇന്നലെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു താരം. ഇന്ന് തന്റെ ഭാര്യയുടെ പിറന്നാളാണെന്നും താന്‍ ഈ ഇന്നിങ്സും ജയവും ഭാര്യയ്ക്ക് സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും പൊള്ളാര്‍ഡ് പറഞ്ഞു.
വാങ്കഡേയില്‍ ബാറ്റ് ചെയ്യുന്നത് ഇഷ്ടപ്പെടുന്നു. അതിനാലാണ് താന്‍ ബാറ്റിങില്‍ സ്ഥാനക്കയറ്റം സ്വയം നല്‍കിയത്. സ്പിന്നിനു പിച്ചില്‍ അധികം ഒന്നും ചെയ്യാനില്ലെന്ന് കണ്ടതിനാല്‍ അശ്വിനെ ആക്രമിക്കുക എന്നതായിരുന്നു തീരുമാനം.
എന്നാല്‍ അതിനു സാധിച്ചില്ല എന്നതാണ് സത്യം. പക്ഷേ ആ സമയത്ത് വിക്കറ്റ് നല്‍കാതെ ഇരിക്കുവാന്‍ ശ്രദ്ധിച്ചുവെന്നും പൊള്ളാര്‍ഡ് പറഞ്ഞു.
ഈ പിച്ചില്‍ ബൗളിംഗ് ഏറെ പ്രയാസകരമായിരുന്നു. പഞ്ചാബിനു ലഭിച്ച തുടക്കത്തിനു ശേഷം അവരെ 200നു താഴെ പിടിച്ചുനിര്‍ത്തുവാനായത് മുംബൈ ബൗളര്‍മാരുടെ മികവ് തന്നെയാണ്.
മധ്യ ഓവറുകളില്‍ മത്സരത്തിലേക്ക് തിരികെ വന്നെങ്കിലും അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ മത്സരം കൈവിട്ടു. എന്നാല്‍ അവരുടെ പ്രകടനത്തെ വിമര്‍ശിക്കാനില്ലെന്നും വ്യക്തമാക്കി.