ഇസ്ലാമാബാദ്: പാകിസ്താന്‍ അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലെ ഗോത്ര മേഖലയില്‍ പോളിയോ വാക്‌സിന്‍ വിതരണത്തിനെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീകരരുടെ ആക്രമണം. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി.
ഗോത്രമേഖലയായ സാഫിയിലാണ് സംഭവം. ഏഴംഗ സംഘത്തിനുനേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു. സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ആക്രമണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ഗാലനായിലെത്തിയ ഇവരാണ് സംഭവം പുറത്തറിയിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പോളിയോ വാക്‌സിന്‍ വിതരണത്തിനെത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണങ്ങള്‍ പതിവായിരുന്നു. എന്നാല്‍ സൈനിക നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് ആക്രമണങ്ങളുടെ എണ്ണം വളരെ കുറഞ്ഞിരുന്നുവെന്ന് പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പോളിയോ രോഗത്തില്‍ നിന്നും പൂര്‍ണ വിമുക്തി നേടാത്ത ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ അവസാനത്തെ രണ്ട് രാജ്യങ്ങളാണ് അഫ്ഗാനിസ്താനും പാകിസ്താനും. പാകിസ്താനിലെ നിരവധിയിടങ്ങളില്‍ പോളിയോ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.