സംഘര്‍ഷം പരിധിവിട്ടു;മലിംഗയുടെയും പെരേരയുടെയും ഭാര്യമാര്‍ തമ്മില്‍ പോര്‍വിളി

33

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളായ ലസിത് മലിംഗയുടെയും തിസാര പെരേരയുടെയും ഭാര്യമാര്‍ തമ്മിലുള്ള ഫെയ്‌സ്ബുക് സംഘര്‍ഷം പരിധിവിട്ടതോടെ ശ്രീലങ്കന്‍ ക്രിക്കറ്റില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തു. തുടര്‍ തോല്‍വികളെ തുടര്‍ന്ന് കളത്തില്‍ നേരിടുന്ന തിരിച്ചടികള്‍ക്കു പുറമെയാണ് താരങ്ങളുടെ ഭാര്യമാര്‍ തമ്മിലുള്ള പോര്‍വിളി മൂലം കളത്തിനു പുറത്തും ടീമിന്റെ പ്രതിഛായ മോശമാകുന്നത്.

സംഭവം കൈവിട്ടുതുടങ്ങിയതോടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനു കത്തയച്ചു.

Advertisements

ഈ പ്രശ്‌നങ്ങള്‍ മൂലം രാജ്യത്തിനു മുന്നില്‍ തങ്ങള്‍ വെറും പരിഹാസ പാത്രങ്ങളായി മാറിയെന്നു ചൂണ്ടിക്കാട്ടിയാണ് തിസാര പെരേരയുടെ കത്ത്.ശ്രീലങ്കന്‍ ഏകദിന ടീമിന്റെ നായകനായ ലസിത് മലിംഗയും മുന്‍ ക്യാപ്റ്റനായ തിസാര പെരേരയും തമ്മിലുള്ള ഈഗോ പ്രശ്‌നങ്ങളിലാണ് തുടക്കം.

ഭാര്യമാര്‍ ഇത് ഏറ്റെടുത്തതോടെയാണ് രംഗം വഷളായത്. തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം വലിച്ചുകയറ്റാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപവുമായി മലിംഗയുടെ ഭാര്യ ടാനിയ മലിംഗ ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത് ഈ മാസം ആദ്യമാണ്.

ടീമിലെ സ്ഥാനം നിലനിര്‍ത്താനും ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചുപിടിക്കാനും ലങ്കന്‍ ടീമിലെ ഒരു താരം ശ്രീലങ്കന്‍ കായികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആക്ഷേപം.ഫെയ്ബുക് പോസ്റ്റില്‍ ആരുടെയും പേര് ടാനിയ പരാമര്‍ശിച്ചിരുന്നില്ലെങ്കിലും പോസ്റ്റിനൊപ്പം ആദ്യം ഒരു പാണ്ടയുടെ ചിത്രവും ടാനിയ ചേര്‍ത്തിരുന്നതായി ചില ലങ്കന്‍ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്തു.

പാവം പാണ്ട എന്ന വാക്കുകളോടെയായിരുന്നു ഇത്. ഓസ്‌ട്രേലിയയില്‍ തിസാര പെരേര അറിയപ്പെടുന്നത് പാണ്ട എന്ന പേരിലായതിനാല്‍ പോസ്റ്റിലെ ആക്ഷേപം അദ്ദേഹത്തെക്കുറിച്ചാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി

(ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ ബ്രിസ്‌ബേന്‍ ഹീറ്റിന്റെ താരമായിരുന്ന പെരേരയ്ക്ക്, മുന്‍ ഓസീസ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി ചാര്‍ത്തിക്കൊടുത്ത പേരാണ് പാണ്ട).ഇതോടെ ഹാലിളകിയ പെരേരയുടെ ഭാര്യ ഷെരാമി പെരേര മറുപടിയുമായി രംഗത്തെത്തി.

ഫെയ്‌സ്ബുക് പോസ്റ്റിലൂടെ തന്നെയായിരുന്നു ഷെരാമിയുടെ മറുപടിയും. ടാനിയ മലിംഗയുടെ ആരോപണങ്ങള്‍ തള്ളിയ ഷെരാമി, ‘സിംഹത്തിന്റെ വസ്ത്രമണിഞ്ഞെന്നു കരുതി ചെന്നായ സിംഹമാകില്ലെ’ന്ന് പരിഹസിക്കാനും മറന്നില്ല. എന്താലായും നാണക്കേടുമൂലം സഹികെട്ടതോടെയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ തേടി പെരേര കത്തയച്ചിരിക്കുന്നത്.

വിവാദങ്ങള്‍ക്ക് കളത്തില്‍ മറുപടി നല്‍കി പെരേര

2020 ട്വന്റി20 ലോകകപ്പിന് ശ്രീലങ്കയ്ക്ക് യോഗ്യത നേടിക്കൊടുക്കുക എന്ന ഭാരിച്ച ചുമതലയുമായി ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പെരേരയെ ലങ്കന്‍ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാക്കിയത്. എന്നാല്‍, തുടര്‍ തോല്‍വികളെത്തുടര്‍ന്ന് ശ്രീലങ്ക റാങ്കിങ്ങില്‍ പിന്നിലാവുകയും ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്തതോടെ ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പര്യടത്തിനു തൊട്ടുമുന്‍പ് ക്യാപ്റ്റന്‍ സ്ഥാനം മലിംഗയെ ഏല്‍പ്പിച്ചു.

ന്യൂസീലന്‍ഡില്‍ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ 10 ഓവറില്‍ 80 റണ്‍സ് വഴങ്ങിയ പെരേര രണ്ടു വിക്കറ്റെടുത്തെങ്കിലും കടുത്ത വിമര്‍ശനമാണ് നേരിട്ടത്. മലിംഗയും 10 ഓവറില്‍ 78 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തിരുന്നു. ബാറ്റിങ്ങിലും പെരേരയ്ക്കു തിളങ്ങാനാകാതെ പോയതോടെ മല്‍സരം ലങ്ക കൈവിട്ടത് 45 റണ്‍സിന്.

ആദ്യ ഏകദിനത്തിലെ തിരിച്ചടിക്കും കളത്തിലെ വിവാദങ്ങള്‍ക്കും രണ്ടാം ഏകദിനത്തില്‍ പെരേര മറുപടി നല്‍കുന്നതാണ് കണ്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തു. 10 ഓവഓറില്‍ 45 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മലിംഗ മികച്ചുനിന്നപ്പോള്‍, ഏഴ് ഓവറില്‍ 69 റണ്‍സ് വഴങ്ങിയ പെരേര ടീമിലെ ഏറ്റവും വലിയ ‘തല്ലുകൊള്ളി’യായി.

മറുപടി ബാറ്റിങ്ങില്‍ ലങ്ക ഏഴിന് 128 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നതോടെ ക്രീസില്‍ ഒരുമിച്ചത് പെരേര–മലിംഗ സഖ്യം. കളത്തില്‍ അധികം സംസാരിക്കാതെ ക്രീസില്‍ തുടര്‍ന്ന ഇരുവരും എട്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 75 റണ്‍സ്. ഇതില്‍ ഏറിയ പങ്കും പെരേരയുടെ ബാറ്റില്‍നിന്നായിരുന്നു.

22 പന്തില്‍ 17 റണ്‍സുമായി മലിംഗ മടങ്ങിയെങ്കിലും ഒന്‍പതാം വിക്കറ്റില്‍ ലക്ഷന്‍ സന്‍ഡാകനെ കൂട്ടുപിടിച്ച് 51 റണ്‍സ് പെരേര കൂട്ടിച്ചേര്‍ത്തു. ഇതില്‍ സന്‍ഡാകന്റെ സംഭാവന ആറു റണ്‍സ് മാത്രം. സന്‍ഡാകനും മടങ്ങിയശേഷം അവസാന വിക്കറ്റില്‍ നുവാന്‍ പ്രദീപിനെ കൂട്ടുപിടിച്ച് പെരേര 44 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.

ടീമിനെ വിജയത്തിലെത്തിക്കാനുള്ള വെപ്രാവളത്തിനിടെ 47ാം ഓവറിന്റെ രണ്ടാം പന്തില്‍ മാറ്റ് ഹെന്റിയുെട പന്തില്‍ ബൗള്‍ട്ടിനു ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ പെരേരയുടെ സ്‌കോര്‍ 74 പന്തില്‍ എട്ടു ബൗണ്ടറിയും 13 പടുകൂറ്റന്‍ സിക്‌സുകളും സഹിതം 140 റണ്‍സ്.

ശ്രീലങ്ക തോറ്റെങ്കിലും പെരേരയുടെ ഇന്നിങ്‌സ് ആരാധകരുടെ ഹൃദയം കവര്‍ന്നു. മൂന്നാം ഏകദിനവും ലങ്ക തോറ്റെങ്കിലും ടോപ് സ്‌കോററായത് 63 പന്തില്‍ ഏഴു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 80 റണ്‍സെടുത്ത പെരേര തന്നെ. പരമ്പരയിലെ ഏക ട്വന്റി20 മല്‍സരവും ലങ്ക തോറ്റു. ടോപ് സ്‌കോറര്‍ മാറിയില്ല. 24 പന്തില്‍ രണ്ടു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 43 റണ്‍സെടുത്താണ് പെരേര പുറത്തായത്.

Advertisement