മെസിയെ മുഖത്തു നോക്കി ചീത്ത വിളിക്കുന്ന ആരാധികയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. ലാലിഗയിൽ റയൽ വല്ലലോളിഡുമായി നടന്ന മത്സരത്തിനു ശേഷം എയർപോർട്ടിൽ വെച്ചാണ് സംഭവം.
തന്നെ കാണാൻ കൂടി നിൽക്കുന്ന ആരാധകർക്ക് മെസി ഓട്ടോഗ്രാഫ് നൽകുകയും അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്യുന്നതിനിടെയാണ് ഒരു സ്ത്രീ താരത്തെ പരസ്യമായി ചീത്ത വിളിച്ചത്.
‘വികാരങ്ങളില്ലാത്ത താര’മെന്നു പറഞ്ഞാണ് അർജൻറീനിയൻ സ്വദേശിയായ യുവതി മെസിയെ അധിക്ഷേപിച്ചത്. എന്നാൽ അധിക്ഷേപം കേട്ടിട്ടും അതു ശ്രദ്ധിക്കാതെ ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകിയതിനു ശേഷമാണ് മെസി അവിടെ നിന്നും പോയത്.
എന്നാൽ അർജൻറീനക്കൊപ്പം മെസി കിരീടങ്ങൾ സ്വന്തമാക്കാത്തതിന്റെ ദേഷ്യമല്ല യുവതി പ്രകടിപ്പിച്ചതെന്നാണ് പിന്നീട് വ്യക്തമായത്. മെസി ചെറുപ്പത്തിൽ കളിച്ചിരുന്ന അർജൻറീനിയൻ ക്ലബായ ന്യൂവൽ ഓൾഡ് ബോയ്സിന്റെ ചിരവൈരികളായ റൊസാരിയോ സെൻട്രൽ ക്ലബിന്റെ ആരാധികയാണ് മെസിയെ അധിക്ഷേപിച്ചത്.
എന്തായാലും സംഭവം വൈറലായതോടെ ആരാധികയുടെ പെരുമാറ്റത്തിനെതിരെയും മെസിയോട് മാപ്പു പറഞ്ഞും റൊസാരിയോ സെൻട്രൽ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. കളിക്കളത്തിലെ ശത്രുതയും ഭിന്നാഭിപ്രായങ്ങളും താരങ്ങളെ നേരിട്ട് അധിക്ഷേപിച്ചല്ല തീർക്കേണ്ടതെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.
ഇതാദ്യമായല്ല മെസിക്കെതിരെ സ്വന്തം രാജ്യത്തെ ആരാധകർ രംഗത്തു വരുന്നത്. ഒരിക്കൽ മെസിക്കു നേരെ തുപ്പിയാണ് ഒരു ആരാധകൻ തന്റെ രോഷം പ്രകടിപ്പിക്കാൻ ശ്രമിച്ചത്. അർജൻറീനയിലെ മറ്റു താരങ്ങളേക്കാൾ മികച്ച പ്രകടനം ദേശീയ ടീമിനു വേണ്ടി നടത്തുമ്പോഴും ഒരു കിരീടം സ്വന്തമാക്കാനാവാത്തതാണ് മെസിക്കെതിരെ ആരാധകർ തിരിയാൻ കാരണം. അടുത്തിടെ ലോകകപ്പിലെ പരാജയത്തെ തുടർന്ന് അർജൻറീനിയൻ ടീമിനൊപ്പം ഈ വർഷം മെസി കളിക്കില്ലെന്നും വാർത്തകൾ പുറത്തു വന്നിരുന്നു.