ഡമാസ്‌കസ്: അഭയാര്‍ത്ഥി പാലായനങ്ങളുടെയും കുടിയേറ്റത്തിന്റെയും പ്രതീകമാണ് അയിലാന്‍ കുര്‍ദ്ദി എന്ന സിറിയന്‍ ബാലന്‍. ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോക മനസാക്ഷിയെ മരവിപ്പിച്ച ആ സംഭവവും ചിത്രവും പുറത്തുവന്നത്. തുര്‍ക്കിയിലെ കടല്‍ത്തീരത്ത് കമിഴ്ന്ന് കിടക്കുന്ന മൂന്നു വയസ്സുകാരന്‍ അയിലാന്‍ കുര്‍ദ്ദി.
സിറിയന്‍ ആഭ്യന്തര കലാപത്തില്‍നിന്ന് പ്രാണരക്ഷാര്‍ദ്ദം ഓടി മറുകര പിടിക്കാന്‍ നോക്കിയ കുടുംബത്തിലെ അംഗമായിരുന്നു കുര്‍ദ്ദിയും. സിറിയയിലെ കൊബാനി എന്ന സ്ഥലമായിരുന്നു അയിലാന്റെ സ്വഭവനം. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് സഞ്ചരിച്ചിരുന്ന നൗക മുങ്ങി അയ്‌ലാന്‍ മരിച്ചതും മൃതദേഹം കരയ്ക്ക് അടുത്തതും. അയ്‌ലാന്റെ അഞ്ച് വയസ്സുകാരന്‍ സഹോദരനും മാതാവും അയിലാനൊപ്പം മരിച്ചു.
ഇന്നും മറക്കാതെ ഓര്‍മ്മകളില്‍ നില്‍ക്കുന്നത് അയിലാനാണ്. രണ്ട് ബോട്ടുകളിലായിട്ടായിരുന്നു ഇവരുടെ യാത്ര. അയ്ലന്റെ ബോട്ടില്‍ 20 പേരുണ്ടായിരുന്നു. ബോട്ട് മുങ്ങിയപ്പോള്‍ 12 പേര്‍ മരിച്ചു. അതില്‍ അഞ്ച് പേര്‍ കുട്ടികളായിരുന്നു.
ഗ്രീക്ക് ദ്വീപായ കോസില്‍ എത്തി മനുഷ്യക്കടത്ത് ഏജന്റുകള്‍ക്ക് പണം നല്‍കി ജര്‍മ്മനിയില്‍ എത്തുക എന്നതായിരുന്നു അയ്‌ലാന്റെ പിതാവ് അബ്ദുള്ള കുര്‍ദ്ദിയുടെ ലക്ഷ്യം. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായപ്പോള്‍ ബോട്ട് തകര്‍ന്നു. ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ പിടിച്ചുകിടന്ന് അബ്ദുള്ള രക്ഷപ്പെട്ടെങ്കിലും തന്റെ ഭാര്യയും മക്കളും മരണത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്ന് പോകുന്നത് നോക്കി നില്‍ക്കാനെ ഇയാള്‍ക്കായുള്ളു.
മെച്ചപ്പെട്ട ജീവിതം തേടി മറുകരയ്ക്ക് പോകുന്ന അനേകായിരം അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രതിനിധിയാണ് അയിലാന്‍. സിറിയയില്‍ കലാപം അടങ്ങിയാലും യൂറോപ്യന്‍ രാജ്യങ്ങളുടെ പടിവാതിലുകള്‍ എല്ലാവര്‍ക്കുമായി മലര്‍ക്കെ തുറന്നിട്ടാലും ഈ തലമുറയുടെ മനസ്സിലും ഓര്‍മ്മയിലും ഈ പേര് എന്നുമുണ്ടാകും.