ഇന്ത്യൻ സൂപ്പർതാരം മഹേന്ദ്ര സിംഗ് ധോണിയെ തിരിച്ചു കൊണ്ട് വരാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ഏഷ്യൻ ഇലവൻ ലോക ഇലവൻ ടി20 പോരാട്ടത്തിലാണ് ധോണിയെ കളിപ്പിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ശ്രമം നടത്തുന്നത്.
എംഎസ് ധോണിയെ കൂടാതെ മറ്റ് ആറ് ഇന്ത്യൻ താരങ്ങളെയും വിട്ടുതരണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ സമീപിച്ചിരിക്കുകയാണ്.
ധോണിയെ കൂടാതെ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ഭുംറ, ഹർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ എന്നിവരെ വിട്ടുതരണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യം.
അടുത്ത വർഷം മാർച്ച് 18നും 21നും രണ്ട് ടി20 മത്സരങ്ങൾ നടത്താനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്. ഇംഗ്ലണ്ടിൽ നടന്ന ലോക കപ്പിൽ സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.
ധോണിയുടെ തിരിച്ചുവരവിന് ലോക ഇലവനും ഏഷ്യൻ ഇലവനും തമ്മിലെ പോരാട്ടം ഇടയാകുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.