ആ പ്രശ്നവും ഞങ്ങൾ പരിഹരിക്കും മകനേ: കശ്മീർ വിഷയത്തിൽ പ്രതികരിച്ച ഷാഹിദ് അഫ്രീദിക്ക് ഗൗതം ഗംഭീറിന്റെ മറുപടി

11

ജമ്മു കാശ്മീർ വിഷയത്തിൽ അഭിപ്രായം പറഞ്ഞ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദീക്ക് മറുപടിയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. പാക് അധീന കശ്മീരിലെ പ്രശ്നവും തങ്ങൾ പരിഹരിക്കും എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ഇന്നലെയായിരുന്നു അഫ്രീദിയുടെ ട്വീറ്റ് വന്നത്.

ഐക്യരാഷ്ട്രസഭാ പ്രമേയം വിഭാവനം ചെയ്യുന്ന അവകാശങ്ങൾ കശ്മീരികൾക്കു ലഭിക്കണം. നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം അവർക്കും ലഭിക്കണം. എന്തിനാണ് ഐക്യരാഷ്ട്രസഭ രൂപീകരിച്ചത്? എന്തുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഇപ്പോഴും ഉറങ്ങിക്കൊണ്ടിരിക്കുന്നത്? പ്രകോപനമില്ലാതെ കശ്മീരികൾക്കു മേൽ ചെയ്തുകൂട്ടുന്നു മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കു ശ്രദ്ധ കൊടുക്കണം. പ്രശ്നത്തിൽ യു.എസ് മധ്യസ്ഥത വഹിക്കണം. അഫ്രിദീ പറഞ്ഞു.

Advertisements

ഇന്നായിരുന്നു ഗംഭീർ മറുപടി പറഞ്ഞത്. ‘പ്രകോപനമൊന്നുമില്ലാതെ, മനുഷ്യത്വത്തിനെതിരായ ആക്രമണങ്ങൾ അവിടെ നടക്കുന്നു. ഇതു മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിൽ അഫ്രീദിയെ അഭിനന്ദിക്കണം. അവിടെ അഫ്രീദി മറന്നുപോയത് ഒരുകാര്യം മാത്രമാണ്. ഈ ആക്രമണങ്ങളെല്ലാം നടക്കുന്നതു പാക് അധിനിവേശ കശ്മീരിലാണ് എന്നത്. അതിൽ നിങ്ങൾ ആകുലപ്പെടേണ്ട, ആ പ്രശ്നവും ഞങ്ങൾ പരിഹരിക്കും മകനേ. അദ്ദേഹം പറഞ്ഞു.

കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് രാഹുൽ ഗാന്ധി നേരത്തേ പറഞ്ഞിരുന്നു. ഭരണഘടനയെ ലംഘിച്ചു കൊണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ തടങ്കലിലാക്കിയും കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടുമല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത്.

ഈ രാജ്യം നിർമിച്ചിരിക്കുന്നത് ജനങ്ങളെക്കൊണ്ടാണ് അല്ലാതെ ഓരോ തുണ്ട് ഭൂമിയും കൊണ്ടല്ല. ഭരണ നിർവഹന അധികാരം ദുർവിനിയോഗം ചെയ്യുന്നത് ദേശീയ സുരക്ഷയ്ക്ക് കല്ലറ തീർക്കുന്നത് പോലെയാണ്.’ രാഹുൽ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരിൽ പുതിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ടുവരുന്നതിൽ നിന്നും ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞിരുന്നു.

ജമ്മു കശ്മീരിനെക്കുറിച്ച് പറയുമ്പോൾ താൻ പാക് അധിനിവേശ കശ്മീരിനെ കുറിച്ചും പറയുമെന്നും അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നുമായിരുന്നു അമിത് ഷാ പറഞ്ഞിരുന്നു.

Advertisement