ആറാം ‘ബാലൻ ഡി ഓർ’ പുരസ്‌കാരം, ലോകഫുട്ബോളിന്റെ അധിപനായി വീണ്ടും ലയണൽ മെസ്സി

29

പാരീസ്: വിശ്വഫുട്ബോളിന്റെ അധിപൻപട്ടം ഒരിക്കൽക്കൂടി ലയണൽ മെസിക്ക്. ഈ വർഷത്തെ മികച്ച കളിക്കാരനുള്ള ‘ബാലൻ ഡി ഓർ’ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വിർജിൽ വാൻഡിക്കിനെയും മറികടന്ന് മെസി സ്വന്തമാക്കി.

Advertisements

ഇത് ആറാം തവണയാണ് മെസി ഫ്രഞ്ച് ഫുട്ബോൾ ഏർപ്പെടുത്തുന്ന പുരസ്‌കാരം സ്വന്തമാക്കുന്നത്. 2015നു ശേഷം ആദ്യവും. ഏറ്റവും കൂടുതൽ ഈ നേട്ടം കൈവരിക്കുന്ന കളിക്കാരനും മെസിയായി.

റൊണാൾഡോയെ (5 വട്ടം) മറികടന്നു. ക്രൊയേഷ്യയുടെ മധ്യനിരക്കാരൻ ലൂക്കാ മോഡ്രിച്ചായിരുന്നു 2018ലെ ജേതാവ്. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു മെസി. നേരത്തേ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും അർജന്റീനക്കാരൻ സ്വന്തമാക്കിയിരുന്നു.

അമേരിക്കയുടെ മേഗർ റാപിനോയാണ് വനിതാ താരം. ബാഴ്സലോണയ്ക്കായും അർജന്റീനയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി മെസിയെ തേടി മികച്ച ഫുട്ബോളർ പദവി എത്തിയത്.

വാൻഡിക്ക്, റൊണാൾഡോ, സാദിയോ മാനേ എന്നിവരാണ് മെസിക്കൊപ്പം അവസാന നാലിൽ ഇടം പിടിച്ചത്.2009, 2010, 2011, 2012, 2015 എന്നീ വർഷങ്ങളിലാണ് നേരത്തേ ബാഴ്സലോണ ക്യാപ്റ്റൻ പുരസ്‌കാരം നേടിയത്.

അമേരിക്കയെ വനിതാ ലോകകപ്പ് ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പ്രകടനമായിരുന്നു റാപിനോയുടേത്. ഫിഫയുടെ വനിതാ താരവും റാപിനോയായിരുന്നു. റൊണാൾഡോ ചടങ്ങിൽ പങ്കെടുത്തില്ല. യുവന്റസിന്റെ മാതിസ് ഡി ലിറ്റിനാണ് മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം. ഗോൾ കീപ്പർ അലിസൺ ബക്കറാണ്.

Advertisement