കൊച്ചി: കൊച്ചിയില്‍ വെച്ച് ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായ അഭിമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ഉള്ള പരാതിയെ തള്ളി നടന്‍ ശ്രീനാഥ് ഭാസി.
ഞാന്‍ ആരേയും തെറി പറഞ്ഞിട്ടില്ല. തന്നോട് മോശമായി പെരുമാറിയവരോട് സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിക്കുകയാണ് ചെയ്തതെന്നാണ് ശ്രീനാഥിന്റെ പ്രതികരണം. ചട്ടമ്പി സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീനാഥ് ഭാസി.
അതേസമയം, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് നടനെതിരെ മരട് പോലീസ് കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ചു. ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസിക്കെതിരെ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഐപി സി 354 എ (1) (4), 294 ബി, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
അതേസമയം, പരാതിക്കാരിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരട് പൊലീസാണ് പരാതിക്കാരിയുടേയും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്നുവരുടേയും മൊഴി എടുത്തത്. സംഭവത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഘടനയുടെ സെക്രട്ടറിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രമായ ചട്ടമ്പി സിനിമയുടെ പേര് അഭിമുഖത്തിനിടെ ആവര്‍ത്തിച്ചിരുന്നു. ചട്ടമ്പി എന്ന് എപ്പോഴും ഉപയോഗിക്കുന്നതും ചട്ടമ്പി ചട്ടമ്പി എന്നുള്ള പ്രയോഗം ഒന്ന് നിര്‍ത്താമോ എന്നും താന്‍ വളരെ അസ്വസ്ഥനാകുന്നു എന്നും ശ്രീനാഥ് പറയുകയായിരുന്നു.
അപ്പോള്‍ ഏത് തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കാനാണ് ഇഷ്ടം എന്ന് ചോദിക്കുകയും അതോടെ നടന്‍ ഒരു പ്രകോപനവുമില്ലാതെ ദേഷ്യപ്പെടുകയായിരുന്നു എന്നും പരാതിക്കാരി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സംഭവ സമയത്ത് ഷൂട്ടിനായി മൂന്ന് ക്യാമറയാണ് ഉണ്ടായിരുന്നത്. ഇത് മൂന്നും ഓഫായി എന്നുറപ്പ് വരുത്തിയതിന് ശേഷമാണ് ശ്രീനാഥ് ഭാസി കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞതെന്ന് പരാതിക്കാരി ആരോപിച്ചു.