ആലുവ: സൂപ്പര്‍താരം മോഹന്‍ലാല്‍ ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആര്‍എസ്എസ് കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ ഇന്നലെ പങ്കെടുത്തത്. ഈ സംഘടനയുടെ രക്ഷാധികാരി മോഹന്‍ലാല്‍ ആണെന്നാണ് വിവരം. മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുത്തത്. ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് വിശ്വശാന്തി ട്രസ്റ്റ്. ഇതിന്റെ പ്രധാനികളെല്ലാം സംഘപരിവാര്‍ പശ്ചാത്തലമുള്ളവരാണ്.
ആലുവയിലായിരുന്നു മോഹന്‍ലാല്‍ കൂടി പങ്കെടുത്ത യോഗം നടന്നത്. ആര്‍എസ്എസ് സംഘ്ചാലക് പിഇബി മേനോന്റെ വീട്ടിലായിരുന്നു യോഗം. ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാ പ്രമുഖ് വിനോദ് തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. മോഹന്‍ലാല്‍ ബിജെപി സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ കൈക്കൊള്ളുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ആര്‍എസ്എസ് യോഗത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. നേരത്തെ നോട്ടു നിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മോഹന്‍ലാല്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. സംവിധായകന്‍ മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ ആര്‍എസ്എസ് സംഘചാലക് പി.ഇ.ബി മേനോന്റെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയത്.
അറിയപ്പെടുന്ന ആര്‍എസ്എസ് അനുകൂലിയായ മേജര്‍ രവിയുമായുള്ള സൗഹൃദമാണ് മോഹന്‍ലാലിനെയും ആര്‍എസ്എസിന്റെ പാളയത്തിലേക്ക് എത്തിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്ക് കേരളത്തില്‍ സ്വീകാര്യത ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സിനിമാ മേഖലയില്‍നിന്നുള്ള ആളുകളെ പാര്‍ട്ടിയുടെ തണലിലേക്ക് അടുപ്പിക്കുന്നത്.
അടുത്ത ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സിനിമാ മേഖലയില്‍ നിന്നും മറ്റും പ്രമുഖരെയും സംഘപരിവാര്‍ പാളയത്തിലേയ്ക്ക് എത്തിക്കുന്നതിനായി ശ്രമങ്ങള്‍ നടന്നു വരുന്നതനിടെ മോഹന്‍ലാലിന്റെ ആര്‍എസ്എസ് മീറ്റിംഗിലെ സാന്നിധ്യം ആക്ഷേപങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയത് ആര്‍എസ്എസ് ക്യാമ്പില്‍ അതൃപ്തി ഉണ്ടായിരുന്നു.
മേജര്‍ രവി ഇടപെട്ട് ഇതെല്ലാം പരിഹരിച്ച്, മോഹന്‍ലാലിനെ കൂടെ കൂട്ടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുകയായിരുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളോടും നരേന്ദ്ര മോഡിയോടും മാത്രമാണ് തന്റെ താല്‍പര്യമെന്ന് മോഹന്‍ലാലിനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിര്‍ജ്ജീവമായിക്കഴിഞ്ഞ പല ബിജെപി പ്രാദേശിക ഘടകങ്ങളും വീണ്ടും പുനരുജ്ജവിപ്പിക്കാന്‍ ആര്‍എസ്എസ് നേരിട്ട് ഇടപെട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രാദേശിക മേഖലയിലെ ജനകീയരായിട്ടുള്ളവരും കല-സാംസ്‌കാരിക-സാഹിത്യ മേഖലയിലുള്ളവരെയും ബിജെപിയോട് അടുപ്പിക്കാനും ലക്ഷ്യമിട്ട് വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ ഭാഗവദ് കേരളത്തിലെത്തുമ്പോള്‍ കേരളത്തിലെ പ്രമുഖരായ വ്യക്തികളെ കാണുമെന്നും സചൂനയുണ്ട്.