മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയും നർത്തകിയുമാണ് ആശ ശരത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ആശ ശരത് സിനിമാ ലോകത്തേയ്ക്ക് ചേക്കേറിയത്. നിഴലും നിലാവും എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ ആശ ശരത് കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. ഈ പരമ്പരയിലെ പ്രൊഫസർ ജയന്തി എന്ന കഥാപാത്രം നടിയുടെ സിനിമാ ജീവിതത്തിന്റെ ടേണിംഗ് പോയിന്റ് ആവുകയായിരുന്നു.
2012ൽ പുറത്തിറങ്ങിയ ഫ്രൈഡേയായിരുന്നു ആശാ ശരത്തിന്റെ ആദ്യത്തെ സിനിമ. പിന്നീട് വന്ന സക്കറിയയുടെ ഗർഭിണികൾ, ദൃശ്യം എന്നീ സിനിമകളിലൂടെ താരം മലയാളത്തിൽ സജീവമാവുകയായിരുന്നു. ദൃശ്യത്തിലെ പോലീസ് വേഷം താരത്തിന് കൂടുതൽ ജനശ്രദ്ധ നേടികൊടുത്തു. ചിത്രത്തിന്റെ തമിഴ് പതിപ്പിലും ആശ തന്നെയായിരുന്നു എത്തിയത്. പിന്നീട് വർഷം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായും ആശ അഭിനയിച്ചു.
ഇന്ന് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളുമായി സജീവമാണ് ആശ. അടുത്തിടെയാണ് നൃത്തം അഭ്യസിപ്പിക്കാനായി ആപ്പ് തയ്യാറാക്കിയത്. കുറഞ്ഞ ഫീസ് കൊണ്ട് കഴിയുന്നത്രയും നൃത്തം പഠിപ്പിക്കുക എന്നത് മാത്രമായിരുന്നു നടി ലക്ഷ്യമിട്ടത്. മികച്ച പ്രതികരണമാണ് നടിയുടെ പുതിയ സംരംഭത്തിന് ലഭിച്ചിരിക്കുന്നത്. അതിനിടെ, മമ്മൂട്ടിയോടൊപ്പം വർഷം സിനിമയിൽ അഭിനയിച്ചതിന്റെയും മമ്മൂട്ടി തനിക്ക് നൽകിയ വലിയൊരു സർപ്രൈസിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ആശ. ഫ്ളവേഴ്സ് ടിവിയിലെ ഫ്ളവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ആശ മനസ് തുറന്നത്.
ആശാ ശരത്തിന്റെ വാക്കുകൾ;
‘മമ്മൂക്കയ്ക്ക് ഒപ്പമുള്ള ആദ്യ സിനിമ വർഷം എന്ന സിനിമ ആയിരുന്നു. മമ്മൂക്ക വളരെ സ്ട്രിക്ടാണെന്ന് എല്ലാവരും പറഞ്ഞു പേടിപ്പിച്ചിരുന്നു. സിനിമയിൽ ഞാനും മമ്മൂക്കയും ഭാര്യയും ഭർത്താവുമാണ്. എല്ലാ സീനുകളും ഞാനും മമ്മൂക്കയും ഒരുമിച്ചായിരുന്നു. ആദ്യത്തെ ഒരു ദിവസം മാത്രമാണ് എനിക്ക് ഒരു ഭയം ഉണ്ടായിരുന്നത്. ഭയന്നാൽ പിന്നീടുള്ള ദിവസം നമുക്ക് അഭിനയിക്കാൻ പറ്റില്ല. അടികൂടുകയും, ചീത്ത പറയുകയും, കുശുമ്പ് ഒക്കെ കാണിക്കുകയും ഒക്കെ ചെയ്യുന്ന ഭാര്യയും ഭർത്താവും ഒക്കെയാണ്.’
‘ആദ്യത്തെ ഒരു ദിവസം ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ അത് കഴിഞ്ഞപ്പോൾ മമ്മൂക്ക വളരെ വളരെ ഫ്രണ്ട്ലി ആയി, എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു നല്ല സുഹൃത്തായി. ആ സൗഹൃദം ഇപ്പോഴുമുണ്ട്. എനിക്ക് എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു മഹാനടനാണ് മമ്മൂക്ക. ജീവിതത്തിൽ വലിയ വലിയ സങ്കടങ്ങൾ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാൻ. ആ സാഹചര്യത്തിൽ എന്റെ എറണാകുളത്തെ വീടിന്റെ ഹൗസ് വാമിങ് ഒന്നും നടത്താൻ ആഗ്രഹിച്ചിരുന്നില്ല.
എന്റെ വളരെ വേണ്ടപ്പെട്ടവർ എന്നെ വിട്ടു പോയ ഘട്ടമായിരുന്നു. അതുകൊണ്ട് ചടങ്ങുകൾ ഒന്നും നടത്തണമെന്ന് ഉണ്ടായില്ല. കുടുംബം മാത്രമുള്ള പരിപാടിയായിരുന്നു. എപ്പോഴോ ഞാൻ ഇത് മമ്മൂക്കയോട് സൂചിപ്പിച്ചിരുന്നു. ഹൗസ് വാമിങ് ആണ്. പക്ഷെ പരിപാടി ഒന്നും ഇല്ല എന്ന് പറഞ്ഞിരുന്നു. കുടുംബക്കാരെ പോലും ഞാൻ വിളിച്ചിരുന്നില്ല. പലരും അറിഞ്ഞു വന്നതാണ്.
ഒരു സർപ്രൈസ് എന്ന പോലെ ആ ദിവസം മനസിലാക്കി മമ്മൂക്ക വന്നു. മമ്മൂക്കയെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞെട്ടിപ്പോയി. അത് ജീവിതത്തിലെ വളരെ സന്തോഷമുള്ള നിമിഷമാക്കി മാറ്റി മമ്മൂക്ക. സങ്കടങ്ങൾക്ക് ഒക്കെ ഒരു സന്തോഷമുണ്ടാക്കിയിട്ടാണ് മമ്മൂക്ക മടങ്ങിയത്. അതൊക്കെ മമ്മൂക്കയുടെ മഹത്വമാണ്. നമ്മളുടെ ദുഃഖത്തിൽ നമ്മളറിയാതെ നമ്മളെ സാന്ത്വനിപ്പിക്കുന്ന ആളാണ് മമ്മൂക്ക.