മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സിനിമാ സീരിയല്‍ നടിയാണ് സുരഭി ലക്ഷ്മി. മീഡിയ വണ്‍ ചാനലിലെ എം80 മൂസ എന്ന പരമ്പര യാണ് സുരഭി ലക്ഷ്മിയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. സിനിമയില്‍ നായികയായും സഹനടിയായും ഒക്കെ തിളങ്ങുകയാണ് താരം.
അതേ സമയം മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും നേടിയ നടി കൂടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സുരഭിയെ തേടി അംഗീകാരം എത്തിയത്. മലയാളം ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച് കൊണ്ടിരുന്ന സുരഭി നല്ല സിനിമകളുടെ ഭാഗമായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.
എന്നാല്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സുരഭി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമ ജീവിതത്തില്‍ സുരഭി വിജയങ്ങള്‍ നേടിയെങ്കിലും താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമായിരുന്നില്ല. വിപിന്‍ സുധാകര്‍ എന്നയാളെയായിരുന്നു സുരഭി വിവാഹം ചെയ്തത്.
2014ല്‍ ആയിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു. എന്നാല്‍ ഇരുവരുടെയും ദാമ്പത്യജീവിതം അധിക കാലം നീണ്ടില്ല. ഇത് വിവാഹമോചനത്തിലെത്തി. അങ്ങനെ 2017ല്‍ ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സുരഭി ലക്ഷ്മി.
ഫ്‌ലവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു താരം മനസ് തുറന്നത്. വിവാഹ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നുവെങ്കിലും തങ്ങള്‍ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും വിവാഹമോചനത്തിന് മുമ്പേ തങ്ങള്‍ മാറി താമസിക്കുകയായിരുന്നുവെന്നും സുരഭി പറയുന്നു.
വിവാഹമോചനത്തിനായി കോടതിയിലേക്ക് പോകുന്ന സമയത്തായിരുന്നു ദേശീയ പുരസ്‌കാരം കിട്ടിയ വാര്‍ത്ത അറിയുന്നത്. അന്ന് അദ്ദേഹം തന്നെ അഭിനന്ദിച്ചിരുന്നുവെന്നും തങ്ങള്‍ ഒന്നിച്ച് കോടതിയില്‍ എത്തിയത് കണ്ട് ജഡ്ജി വരെ ശരിക്കും ഞെട്ടിയിരുന്നുവെന്നും സുരഭി പറയുന്നു.
ഇങ്ങനെയുള്ള തങ്ങളാണോ പിരിയാന്‍ പോകുന്നത് എന്നായിരുന്നു ജഡ്ജി ചോദിച്ചത്. വിവാഹമോചനത്തിന് ശേഷം സെല്‍ഫിയെടുത്ത് ഒരു ചായ കുടിച്ച ശേഷമാണ് തങ്ങള്‍ പിരിഞ്ഞതെന്നും സുരഭി ലക്ഷ്മി തുറന്നുപറഞ്ഞു.