മിമിക്രി ലോകത്ത് നിന്നും ബിഗ് സ്‌ക്രീനിലേക്കും മിനിസ്‌ക്രീനിലേക്കും എത്തിയ നടനാണ് കണ്ണൻ സാഗർ. കൊവിഡ് മഹാമാരി പിടിമുറുക്കിയ കാലത്ത് തന്റെ പഴയ ഓർമ്മകൾ താരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറയുകയാണ് കണ്ണൻ സാഗർ. ഭാര്യ ഗീത കണ്ണനൊപ്പം ഇരുപത്തിയേഴ് വർഷത്തെ ദാമ്പത്യ ജീവിതം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചുള്ള നടന്റെ കുറിപ്പും വൈറലാവുകയാണ്.
ഇരുപത്തിയേഴു വർഷം ഞങ്ങൾ ഒന്നിച്ചിട്ടു,.. പോയ ജീവിത വഴിത്താരകളിൽ പ്രതിസന്ധികളും ദുർഘടങ്ങളും മനോവിഷമങ്ങളും ഇല്ലായ്മകളും വല്ലായ്മകളും സാമ്പത്തിക പരാധീനതകളും കൊച്ചു കൊച്ചു സന്തോഷങ്ങളും ചെറുനോവുകളും പരസ്പരം പറഞ്ഞു തീർത്തും മനസിലാക്കിയും സ്വജനങ്ങളെ കഴിവതും ഉള്ളതു പോലെ സഹായിച്ചും സ്‌നേഹിച്ചും ഓമനകളായ രണ്ടു മക്കൾക്കും ഒപ്പം ഇങ്ങനെ നീങ്ങുന്നു ഞങ്ങളുടെ ജീവിതമെന്ന് കണ്ണൻ കുറിക്കുന്നു.
കണ്ണൻ സാഗറിന്റെ കുറിപ്പ് വായിക്കാം;
‘ഇരുപത്തിയേഴു വർഷം ഞങ്ങൾ ഒന്നിച്ചിട്ടു,.. പോയ ജീവിത വഴിത്താരകളിൽ പ്രതിസന്ധികളും ദുർഘടങ്ങളും മനോവിഷമങ്ങളും ഇല്ലായ്മകളും വല്ലായ്മകളും സാമ്പത്തിക പരാധീനതകളും കൊച്ചു കൊച്ചു സന്തോഷങ്ങളും ചെറുനോവുകളും പരസ്പരം പറഞ്ഞു തീർത്തും മനസിലാക്കിയും സ്വജനങ്ങളെ കഴിവതും ഉള്ളതു പോലെ സഹായിച്ചും സ്‌നേഹിച്ചും ഓമനകളായ രണ്ടു മക്കൾക്കും ഒപ്പം ഇങ്ങനെ നീങ്ങുന്നു ഞങ്ങളുടെ ജീവിതം.
ആർക്കും ഒരു ഉപദ്രവകാരികളോ സൽപ്രവർത്തി ചെയ്യാത്തവരോ കണ്ണിൽച്ചോര ഇല്ലാത്തവരായോ ഈ ജീവിത വഴിത്താരയിൽ ഒരു വാക്കുകൾ കൊണ്ടോ വല്ലാത്ത നോട്ടം കൊണ്ടു പോലും മറ്റുള്ളവർക്ക് ഒരു നീരസത്തിനു വഴി തെളിക്കരുതേയെന്ന ഒറ്റ പ്രാർത്ഥനയാണ് ഈ പിന്നിട്ട ദിനങ്ങളിൽ ഞങ്ങൾക്ക് ഉണ്ടായിരുന്നത്. ആയൂസുകൾക്ക് ദൈർഘ്യം നീട്ടി കിട്ടിയാൽ ഇതേ പ്രാർഥനകൾ അത് ജീവിതകാലം മുഴുവൻ തുടരുവാൻ ജഗദീശ്വരന്റെ അനുഗ്രം ഉണ്ടാവണം.
ഞങ്ങളെ സ്‌നേഹിക്കുന്ന വിശ്വസിക്കുന്ന സ്വജന ബന്ധുമിത്രാതികൾ, സഹപ്രവർത്തകർ അഭ്യൂതകാംഷികൾ സ്‌നേഹിതർ സുഹൃത്തുക്കൾ അവരുടെ കുടുംബാഗങ്ങൾ എല്ലാവർക്കും അകമഴിഞ്ഞ നന്ദി, തീർത്താൽ തീരാത്ത കടപ്പാടുകൾ അതിലേറെ മനസ്സുനിറഞ്ഞ സ്‌നേഹം ഇതു ഞങ്ങളോട് തുടരുക, എല്ലാവർക്കുമായി പ്രാർത്ഥനകൾ എന്റെയും എന്റെ കുടുംബത്തിന്റെയും ഈശ്വര നാമത്തിൽ നേരുന്നു. സസ്‌നേഹം, കണ്ണൻ സാഗർ ഗീതാകണ്ണൻ, മക്കൾ : പ്രവീൺ കണ്ണൻ, മീനാക്ഷി കണ്ണൻ.