ഞാൻ ലാലേട്ടന്റെ മുഖത്ത് അടിക്കാനോ ഓർത്തിട്ട് തന്നെ എനിക്ക് പേടി തോന്നുന്നു, ദൃശ്യം 2 അനുഭവം പങ്കുവെച്ച് ആശാ ശരത്ത്

192

മലയാളത്തിന്റെ നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ദൃശ്യം 2 ന് റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടർച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും ഉണ്ട്.

രണ്ടാം ഭാഗത്തിൽ മുരളി ഗോപി , സായികുമാർ, ഗണേഷ് കുമാർ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. വ്യാഴാഴ്ച രാത്രിയോട് കൂടെയായിരുന്നു ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertisements

മോഹൻലാലിന്റെ ജോർജ്ജുകുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സംവിധായകൻ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതേ സമയം ദൃശ്യം ആദ്യ ഭാഗത്തിൽ ആശാ ശരത്ത് ചെയ്ത ഗീത പ്രഭാകർ എന്ന കഥാപാത്രം രണ്ടാം ഭാഗത്തും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വെച്ചത്. ആദ്യ ഭാഗത്തിൽ ജോർജ്ജുകുട്ടിയെ പൊലീസുകാർ അടിക്കുന്നുണ്ടെങ്കിലും ഗീത പ്രഭാകർ അടിച്ചിട്ടില്ലായിരുന്നു.

എന്നാൽ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ അങ്ങനെയല്ല. ചിത്രത്തിൽ മോഹൻലാലിനെ അടിക്കുന്ന സീനിനെ കുറിച്ചും, ചിത്രത്തിലെ തന്റെ അനുഭവങ്ങളെ കുറിച്ചും ആശാ ശരത്ത് പറയുന്നു.

ആശാ ശരത്തിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് തന്നെയാണ് ദൃശ്യം 2വിലെ ഗീതാ പ്രഭാകർ. ദൃശ്യം ലൊക്കേഷനിൽ എനിക്ക് ഒത്തിരി ഒത്തിരി ഓർമ്മകളാണുള്ളത്. എല്ലാം പോസിറ്റീവായത് തന്നെ. ഒരു കൂട്ടുകെട്ടിന്റെ വിജയം തന്നെയാണ് ദൃശ്യത്തിന്റെ വിജയം. ചിത്രത്തിൽ വളരെ കരുത്തുറ്റ കഥാപാത്രം ആയിരുന്നു എന്റേത്.

എക്കാലവും എന്നെ പ്രേക്ഷകർ ഓർമ്മിക്കുന്ന പോലീസ് ഓഫീസർ തന്നെയാണ് ഗീതാ പ്രഭാകർ. എനിക്കേറെ അത്ഭുതവും വിസ്മയവും തീർത്ത അനുഭവമായിരുന്നു ദൃശ്യത്തിലേത്. പറയാൻ ഏറെയുണ്ട് എങ്കിലും ലാലേട്ടനുമായുള്ള ഒരു സീനാണ് ഇന്നുമെന്നെ അത്ഭുതപ്പെടുത്തുന്നത്. ഞാൻ ലാലേട്ടന്റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട് ചിത്രത്തിൽ. എനിക്ക് ഭയങ്കര ടെൻഷനായിരുന്നു.

എന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീൻ അനിവാര്യമായിരുന്നു. ഞാൻ ലാലേട്ടന്റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓർക്കാൻപോലും വയ്യ. പക്ഷേ ലാലേട്ടനും ജിത്തുസാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. ലാലേട്ടൻ പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല. അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ആ സീൻ ഷൂട്ട് ചെയ്തത്.

എങ്കിലും ആ ഞെട്ടൽ ഇന്നുമെന്നെ വിട്ട് പോയിട്ടില്ല. വളരെയേറെ ആന്തരിക സംഘർഷമുള്ള ഒരു കഥാപാത്രമാണ് ഗീതാ പ്രഭാകർ. ഏക മകന്റെ ഓർക്കാപ്പുറത്തുള്ള വേർപാട്, സത്യം തെളിയിക്ക പ്പെടാതിരിക്കുക, ഉയർന്ന പോലീസ് ഓഫീസറായിരുന്നിട്ടും ഒരു സാധാരണക്കാരനാൽ കബളിപ്പിക്കപ്പെടുക അങ്ങനെ മാനസികമായി വളരെയധികം തകർന്ന ഒരു സ്ത്രീയാണ് ഗീതാ പ്രഭാകർ.

വളരെയേറെ ആർജ്ജവമുള്ള ആ വേഷം എനിക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ജിത്തു സാറിനോടും ലാലേട്ടനോടും ഒത്തിരി സ്നേഹമുണ്ട്. എല്ലായിടത്തുനിന്നും പോസിറ്റീവായ ധാരാളം മെസ്സേജുകൾ വരുന്നുണ്ട്. ദൃശ്യത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ദൈവാനുഗ്രഹമായിത്തന്നെ കാണുന്നു. ഇതുവരെ ചെയ്ത എല്ലാവേഷങ്ങളും ദൈവാനുഗ്രഹത്താൽ ശ്രദ്ധേയവും മികച്ചതുമായിരുന്നു. ഇപ്പോൾ ദൃശ്യം 2ലെ ഗീതാ പ്രഭാകറെയും നിങ്ങൾ ഏറ്റെടുത്തതിൽ ഒത്തിരി ഒത്തിരി നന്ദിയെന്നും ആശാശരത് പറയുന്നു.

Advertisement