മലയാളികൾക്ക് ഏറെ സുപരിചിതനായ മിമിക്രി ആർട്ടിസ്റ്റാണ് ബിനു അടിമാലി. മിമിക്രി വേദികളിലും ചാനൽ ഫ്േളാറുകളിലും ചിരിയുടെ മാലപ്പടക്കവുമായി എത്തുന്ന ബിനു അടിമാലി ഇതിനോടകം തന്നെ നിരവധി സിനിമകളിലും അഭിനയിച്ച് കഴിഞ്ഞു.
സ്‌കൂൾ കാലം മുതൽ കലയോട് ചേർന്ന് നിൽക്കുന്ന കലാകാരൻ കൂടിയാണ് ബിനു അടിമാലി. മിമിക്രി ട്രൂപ്പുകളിൽ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ബിനു അടിമാലി സിനിമയിലേക്ക് എത്തുന്നത്. ആദ്യത്തെ സിനിമ നിത്യാ മേനോൻ നായികയായ തൽസമയം ഒരു പെൺകുട്ടിയായിരുന്നു. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന രസികരാജ നമ്പർ വൺ എന്ന പരിപാടിയിലൂടെയാണ് മിനിസ്‌ക്രീനിൽ തിളങ്ങുന്നത്.
രസികരാജയ്ക്ക് ശേഷം മറ്റ് ചാനലുകളിൽ നിന്നും ക്ഷണം വന്നതോടെ സ്‌കിറ്റും മിമിക്രിയും പുതിയൊരു വഴി ബിനുവിന് തെളിച്ചുകൊടുത്തു. പ്രേക്ഷകരെ ഒന്നടങ്കം തമാശ കൗണ്ടറുമായി ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന കലാകാരൻ കൂടിയാണ് ബിനു അടിമാലി.
നർമ്മം കലർത്തിയുള്ള സംസാരി ശൈലിയും കൗണ്ടറുകളുമാണ് ബിനു അടിമാലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് ബിനു കൂടുതൽ സുപരിചിതനായത്. ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപറ്റിൽ അതിഥിയായി എത്തി അടുത്തിടെ ഉണ്ടായ വിവാദങ്ങളിലെ യതാർഥ്യത്തെ കുറിച്ചും താൻ നേരിടേണ്ടി വന്ന വ്യക്തിഹത്യയെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ബിനു അടിമാലി.
നടി രശ്മി അനിലിന് ഒപ്പമായിരുന്നു കലാജീവിത വിശേഷങ്ങൾ പങ്കുവെക്കാൻ ബിനു അടിമാലി എത്തിയത്. അടുത്തിടെ സ്റ്റാർ മാജിക്ക് പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ മൂലം ഒരു ആയുസിൽ കേൾക്കേണ്ട തെറിവിളികൾ ഒരുമിച്ച് താൻ കേട്ടുവെന്നാണ് ബിനു അടിമാലി പറയുന്നത്.
സ്റ്റാർ മാജിക്കിൽ അടുത്തിടെ സന്തോഷ് പണ്ഡിറ്റ് അതിഥിയായി എത്തിയപ്പോൾ ഷോയിലെ മറ്റ് താരങ്ങളും വിശിഷ്ടാ അതിഥികളും ചേർന്ന് സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ ചർച്ചകളും സ്റ്റാർ മാജിക്കിനെതിരെ പ്രതിഷേധങ്ങളും നടന്നിരുന്നു. അന്നത്തെ ആ സംഭവം കൊണ്ട് താൻ നേരിട്ടത് വലിയ പ്രശ്‌നങ്ങളായിരുന്നുവെന്നും മാനസീക വിദഗ്ധനെ കാണേണ്ട സ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തിയിരുന്നുവെന്നും ബിനു അടിമാലി പറഞ്ഞു.
ഷോയുടെ ജോണറും അവിടുത്തെ രീതികളും അറിയാമായിരുന്നിട്ടും ക്ഷണം സ്വീകരിച്ച് പരിപാടികളിൽ പങ്കെടുത്ത് വേണ്ട പണവും വാങ്ങിയ ശേഷമാണ് സന്തോഷ് പണ്ഡിറ്റ് പുറത്തെത്തി അധിക്ഷേപിച്ചുവെന്ന തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതെന്നും ബിനു അടിമാലി പറഞ്ഞു.
കണ്ടെന്റുണ്ടാക്കി വൈറലാകുകയായിരുന്നു ലക്ഷ്യമെന്നാണ് തനിക്ക് തോന്നിയതെന്നും ബിനു പറയുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പല ഭാഗങ്ങളിൽ നിന്നും ഒരുപാട് എനിക്ക് കിട്ടുന്നുണ്ട്. ഒരു ആയുസിൽ കേൾക്കേണ്ട തെറിയാണ് കുറച്ച് ദിവസം കൊണ്ട് കേട്ടത്. അത് വല്ലാതെ തളർത്തിയിരുന്നു. മാനസീകമായി വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെ മാനസീക വിദഗ്ധന വരെ കാണേണ്ടി വന്നു.
അന്ന് ഷോയിൽ നടന്ന സത്യാവസ്ഥ പുറത്തിരുന്ന് കണ്ട പ്രേക്ഷകർക്ക് അറിയില്ല. അയാൾ ഷോയിൽ എത്തി വൈറൽ ആകാനുള്ള കണ്ടന്റുണ്ടാക്കി പണവും വാങ്ങി മടങ്ങി. പ്രേക്ഷകരെ സത്യത്തിൽ അയാൾ പൊട്ടനാക്കി. അയാൾ മൂന്ന് ദിവസം കൊണ്ടാണ് വിവാദമായ പ്രശ്‌നത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ചാരിറ്റി അയാൾ മാത്രമല്ല. ഞാനും എന്നാൽ കഴിയും വിധം ചെയ്യാറുണ്ട്.
മലയാള സിനിമയിലെ എല്ലാ താരങ്ങളും ചാരിറ്റി ചെയ്യുന്നവരാണ്. പക്ഷെ ഇയാൾക്ക് അതും ബിസിനസാണ്. ചാരിറ്റി ചെയ്യുന്ന വീഡിയോകൾ പകർത്തി സോഷ്യൽമീഡിയയിൽ ഇട്ട് കാഴ്ചക്കാരെ കൂട്ടി പണം സമ്പാദിക്കുന്നു. ഇതിനെ ചാരിറ്റിയെന്നല്ല ബിസിനസ് എന്നാണ് വിളിക്കേണ്ടതെന്നും ബിനു അടിമാലി പറയുന്നു.