ഇന്ത്യയുടെ ലോക കപ്പ് ടീമിൽ നിന്ന് ഐപിഎല്ലിനിടെ പരിക്കേറ്റ ഇന്ത്യൻ താരം കേദർ ജാദവ് പുറത്തേയ്ക്ക്.
മെയ് 22ന് ലോക കപ്പ് ടീമുകളുടെ അന്തിമ ഇലവനെ പ്രഖ്യാപിക്കാനുളള അവസാന തിയതിയ്ക്ക് മുമ്പ് ജാദവിന്റെ പരിക്ക് ഭേദമായില്ലെങ്കിലാണ് താരം ടീമിന് പുറത്താകുക.
നിലവിൽ തോളെല്ലിന് പരിക്കേറ്റ ജാദവ് ഒരാഴ്ച്ചയ്ക്കകം ഫിറ്റ്നസ് വീണ്ടെടുക്കുമോയെന്ന കാര്യം സംശയത്തിലാണ്.
ഇതോടെ ജാദവിന്റെ പകരക്കാരനെ സംബന്ധിച്ചുളള ചർച്ചകളും ദേശീയ സെലക്ടർമാർ നടത്തിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കും, വെസ്റ്റിൻഡീസിനും എതിരെയുള്ള പരമ്പരകൾക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിക്കാൻ ദേശീയ സെലക്ടർമാർ യോഗം ചേർന്നിരുന്നു.
ഈ യോഗത്തിലാണ് ജാദവിന്റെ പരിക്കിനെ കുറിച്ചും പകരക്കാരെ കുറിച്ചും ചർച്ച നടന്നത്.
ജാദവ് പരിക്കിൽ നിന്ന് മോചിതനായില്ലെങ്കിൽ അക്സർ പട്ടേലോ, അമ്പാട്ടി റായുഡുവോ ആയിരിക്കും അദ്ദേഹത്തിന്റെ പകരക്കാരനായി ടീമിലെത്തുക.
ഇത് റിഷഭ് പന്ത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. അക്സർ പട്ടേലും, അമ്പാട്ടി റായുഡുവും ജാദവിനെ പോലെ പന്തും എറിയും എന്നതാണ് ഇവരെ അദ്ദേഹത്തിന് പകരക്കാരായി പരിഗണിക്കുന്നതിന് കാരണം.
ഈ മാസം 30നാണ് ഏകദിന ലോക കപ്പ് ഇംഗ്ലണ്ടിൽ ആരംഭിക്കുക. അഞ്ചാം തിയതി ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.