കാർഡിഫ്: ലോകകപ്പിലെ അവസാന സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടി ടീം ഇന്ത്യ ലോകകപ്പിന് കച്ചമുറുക്കി.
കോഹ്‌ലിപ്പട ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ബംഗ്ലാദേശ് 95 റൺസിൻറെ പരാജയമാണ് ഏറ്റുവാങ്ങിയത്.
സെഞ്ചുറി പ്രകടനവുമായി ഇന്ത്യയുടെ ലോകകപ്പ് ആവേശം ഉയർത്തിയ എം എസ് ധോണിയും കെ എൽ രാഹുലുമാണ് ബംഗ്ലാ കടുവകളെ തുരത്തിയത്.
മൂന്ന് വിക്കറ്റ് പ്രകടനവുമായി റിസ്റ്റ് സ്പിന്നർമാരായ കുൽദീപും ചാഹലും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ഇന്ത്യ ഉയർത്തിയ 360 റൺസ് പിന്തുടർന്ന ബംഗ്ലാ കടുവകളുടെ വീര്യം 49.3 ഓവറിൽ 264 റൺസിൽ അവസാനിച്ചു. 90 റൺസ് നേടിയ മുഷ്ഫിഖുർ റഹീമും 73 റൺസ് നേടിയ ലിറ്റിൽ ദാസും മികച്ച പോരാട്ടം നടത്തിയെങ്കിലും ഇന്ത്യൻ സ്പിൻ ആക്രമണത്തിന് മുന്നിൽ മറ്റുള്ളവർക്ക് പിടിച്ചുനിൽക്കാനായില്ല.
ബംഗ്ലാദേശിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഓപ്പണർമാരായ സൗമ്യ സർക്കാരും(25) ലിറ്റൺ ദാസും(73 തിളങ്ങി.
പിന്നീടുവന്നവരിൽ വിക്കറ്റ് കീപ്പർ മുഷ്ഫിഖുർ റഹീം മാത്രമാണ് തിളങ്ങിയത്. ഷാക്കിബിനെ ബുംറയും മിഥുനെ ചാഹലും ഗോൾഡൺ ഡക്കാക്കി.
മഹമ്മദുള്ള(9), സാബിർ(7), ഹൊസൈൻ(0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോർ. 94 പന്തിൽ 90 റൺസെടുത്ത് മുഷ്ഫിഖുർ ആറാമനായി പുറത്തായതോടെ ബംഗ്ലാദേശ് തോൽവിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റിന് 359 റൺസെടുത്തു. നാല് വിക്കറ്റിന് 102 എന്ന നിലയിലായിരുന്ന ഇന്ത്യയെ സെഞ്ചുറികളുമായി കെ എൽ രാഹുലും എം എസ് ധോണിയുമാണ് കൂറ്റൻ സ്‌കോറിൽ എത്തിച്ചത്.
രാഹുൽ 99 പന്തിൽ 108 റൺസെടുത്തും ധോണി 78 പന്തിൽ 113 റൺസുമായും പുറത്തായി. ഏഴ് സിക്സുകൾ ധോണിയുടെ ബാറ്റിൽ നിന്ന് പറന്നു. ഇന്ത്യ നാളുകളായി തിരയുന്ന നാലാം നമ്പറിലാണ് രാഹുലിൻറെ സെഞ്ചുറി എന്നതാണ് ശ്രദ്ധേയം.
അഞ്ചാം വിക്കറ്റിൽ 164 റൺസ് ധോണിയും രാഹുലും കൂട്ടിച്ചേർത്തു. കോലി(47) ഹാർദിക് 11 പന്തിൽ 22 റൺസ് എന്നിവരുടെ ബാറ്റിംഗും ഇന്ത്യൻ സ്‌കോറിൽ നിർണായകമായി.
ശിഖർ ധവാൻ(1) രോഹിത് ശർമ്മ(19), വിജയ് ശങ്കർ(2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോർ. 50 ഓവർ പൂർത്തിയാകുമ്പോൾ ദിനേശ് കാർത്തിക്(7), ജഡേജ(11) എന്നിവർ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി റുബേലും ഷാക്കിബും രണ്ടും സൈഫുദീനും മുസ്താഫിസുറും ഓരോ വിക്കറ്റും വീഴ്ത്തി.