ഈ മാസം ഇംഗ്ലണ്ടിൽ തുടങ്ങുന്ന ഏകദിന ലോക കപ്പിനുളള സമ്മാനത്തുക ഐസിസി പ്രഖ്യാപിച്ചു. കിരീട വിജയികൾക്ക് നാല് മില്യൺ ഡോളറാണ് (29 കോടി രൂപ) കാത്തിരിക്കുന്നത്.
രണ്ടാം സ്ഥാനക്കാർക്ക് രണ്ട് മില്യൺ ഡോളറും (15 കോടി രൂപ) ലഭിക്കും. 10 ടീമുകളാണ് ഇപ്രാവശ്യത്തെ ലോക കപ്പിൽ മത്സരിക്കുന്നത്.
10 മില്യൺ ഡോളറാണ് ആകെ സമ്മാനത്തുക. ഏകദിന ലോക കപ്പുകളുടെ ചരിത്രത്തിൽ കിരീടം നേടുന്ന ടീമിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണത്തേത്.
സെമിഫൈനലിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 800,000 ഡോളർ വീതമാണ് ലഭിക്കുക. ലീഗ് ഘട്ടത്തിലെ ഓരോ മത്സരങ്ങളിലും ജയിക്കുന്ന ടീമുകൾക്ക് 40,000 ഡോളർ വീതം ഇൻസെന്റീവായി ഐസിസി നൽകും.
ലീഗ് ഘട്ടം കടന്നെത്തുന്ന ടീമുകൾക്ക് ബോണസെന്ന രീതിയിൽ 100, 1000 ഡോളറും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇത്തവണ നൽകും.
ലോക കപ്പിൽ ലീഗ് ഘട്ടത്തിൽ മാത്രം 45 മത്സരങ്ങളാണുള്ളത്. മെയ് 30 മുതൽ ജൂലൈ 14 വരെ ഇംഗ്ലണ്ടിലെ 11 വേദികളിലായാണ് ഇത്തവണ ലോക കപ്പ് നടക്കുന്നത്.