ലോകകപ്പിൽ കപ്പുയർത്തുന്നത് കോഹ്ലിയാണെങ്കിൽ ബുദ്ധികേന്ദ്രം ധോണിയാകും; കാരണങ്ങൾ നിരവധി!

20

ഇത്തവണത്തെ ഏകദിന ലോകകപ്പിൽ ടീം ഇന്ത്യയുടെ ബുദ്ധികേന്ദ്രം മഹേന്ദ്ര സിംഗ് ധോണിയാണെന്ന് വ്യക്തമാക്കിയത് മുൻ പാകിസ്ഥാൻ നായകൻ സഹീർ അബ്ബാസാണ്.

വിരാട് കോഹ്ലിക്കും സംഘത്തിനും ആത്മവിശ്വാസം പകരുന്നത് ധോണിയുടെ സാന്നിധ്യവും ഇടപെടലുകളുമാകുമെന്ന് ഇംഗ്ലണ്ടിലേക്ക് പറക്കും മുമ്പ് പരിശീലകൻ രവി ശാസ്ത്രിയും തുറന്നു പറഞ്ഞു.

Advertisements

ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ കരുത്ത് ധോണിയാണെന്ന് മുൻ താരങ്ങളടക്കമുള്ളവർ വ്യക്തമാക്കാൻ കാരണമുണ്ട്. ടീം ഇന്ത്യയിലെ ധോണി ഫാക്ടർ അത്രയ്ക്കും വലുതാണ്.

വിരാട് കോഹ്ലിയെ പോലെ നമ്പർ വൺ താരം ഒപ്പമുണ്ടായിട്ടും എന്തുകൊണ്ടാണ് ധോണിയാണ് ടീമിന്റെ നെടുംതൂൺ എന്ന് ഇവർക്ക് പറയേണ്ടി വരുന്നതെന്ന ചോദ്യം ക്രിക്കറ്റ് അറിയാവുന്ന ആരും ഉന്നയിക്കില്ല.

കളി ഇംഗ്ലണ്ടിലായതു കൊണ്ടും, എല്ലാ ടീമുകളും റൗണ്ട് റോബിൻ ഫോർമ്മാറ്റിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത് കൊണ്ടും ഈ ഏകദിന ലോകകപ്പ് എല്ലാ ടീമുകൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇവിടെയാണ് ധോണിയെന്ന ബുദ്ധിമാനായ താരത്തിന്റെ സാന്നിധ്യം ഇന്ത്യക്ക് നേട്ടമാകുന്നത്.

ബാറ്റിംഗിനെ അകമഴിഞ്ഞ് സഹായിക്കുന്ന ഇംഗ്ലണ്ടിൽ 500 റൺസെന്ന വൻ ടോട്ടൽ പിറക്കുമെന്നാണ് പ്രവചനം.

ആതിഥേയരാകും ഈ സ്‌കോർ പടുത്തുയർത്തുകയെന്ന് ഇതിനകം തന്നെ പല താരങ്ങളും വ്യക്തമാക്കി കഴിഞ്ഞു. ഇങ്ങനെയുള്ള ഗ്രൌണ്ടിൽ ഫീൽഡിംഗ്, ബോളിംഗ് ചേഞ്ച്, ഫീൽഡിംഗ് പൊസിഷൻ, ബോളർമാരെ ഉപയോഗിക്കുന്ന രീതി, സർക്കിളിലെ ഫീൽഡിംഗ് എന്നീ മേഖലകൾ നിർണായകമാണ്.

ക്രിക്കറ്റിലെ ഏറ്റവും പ്രധാനമായ ഈ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ധോണിയേക്കാൾ കേമനായി ആരുമില്ല. ഈ സാഹചര്യങ്ങൾ ധോണി കൈകാര്യം ചെയ്യുമ്പോൾ സ്‌കോർ ചെയ്യുകയെന്ന ചുമതല മാത്രമായിരിക്കും കോഹ്ലിക്കുണ്ടാകുക. ക്യാപ്റ്റനിലെ സമ്മർദ്ദവും ഇതോടെ ഇല്ലാതാകും.

ബോളിംഗ് ചേഞ്ചുകളും സ്പിന്നർമാരെ ഉപയോഗിച്ച് ക്രത്യമായി പന്ത് എറിയിക്കാനും ധോണിക്ക് കഴിയും. വിക്കറ്റിന് പിന്നിലുള്ളത് ധോണിയാണെന്ന തോന്നൽ ബാറ്റ്സ്മാനിൽ ആശങ്കയുണ്ടാക്കുമെന്നതിൽ സംശയമില്ല.

ഇതിനൊപ്പം സർക്കിളിൽ ആക്രമണോത്സുക ഫീൽഡിംഗ് ക്രമീകരിക്കാനും അദ്ദേഹത്തിനാകും. നിർണായകമായ ഡിആർഎസ് കൈകാര്യം ചെയ്യുന്നതിൽ ധോണിയേക്കാൾ മികവ് കോഹ്ലിക്ക് പോലുമില്ല.

ബാറ്റിംഗ് നിരയിൽ രോഹിത് ശർമ്മ, കെഎൽ രാഹുൽ, ശിഖർ ധവാൻ, ഹാർദ്ദിക് പാണ്ഡ്യ എന്നീ മികച്ച താരങ്ങളുണ്ട്. വൻ സ്‌കോറുകൾ അടിച്ചു കൂട്ടാൻ കെൽപ്പുള്ളവരാണ് ഇവർ.

വാലറ്റത്ത് ധോണിയുണ്ടെന്ന കോൺഫിഡൻസാകും ഇവർക്ക് മികച്ച രീതിയിൽ ബാറ്റ് ചെയ്യാനുള്ള ധൈര്യം നൽകുക. അങ്ങനെ സംഭവിച്ചാൽ ഏത് ലക്ഷ്യവും ഇന്ത്യ മറികടക്കും.

തന്റെ ബാറ്റിംഗ് കരുത്ത് ചോർന്നിട്ടില്ലെന്ന് ഐ പി എൽ മത്സരങ്ങളിലൂടെ ധോണി തെളിയിച്ചു. മത്സരം വരുതിയിൽ നിർത്താനും, ആവശ്യ സമയത്ത് വൻ ഷോട്ട് പുറത്തെടുക്കാനും അദ്ദേഹത്തിനാകുന്നുണ്ട്.

ഫിനിഷറുടെ പരിവേഷവും ഇതിനകം തന്നെ വീണ്ടെടുത്തു കഴിഞ്ഞു. ഇത്രയും പ്ലസ് പോയിന്റുകളുള്ള ഒരു താരം ഇംഗ്ലണ്ടിലെത്തുന്ന ഒരു ടീമിലും ഇല്ലന്നെതാണ് 2019 ലോകകപ്പിൽ ധോണിയെ ഒന്നാമനാക്കുന്നത്. ഈ പരിചയസമ്പന്നത തന്നെയാകും കോഹ്ലിക്ക് ആശ്വാസവും ടീമിന് നേട്ടവും അകുക.

Advertisement