രണ്ടാം എൻഡിഎ സർക്കാരിൽ വി മുരളീധരൻ മന്ത്രിയായതിന് പിന്നാലെ പ്രതികരിച്ച് ഭാര്യ ജയശ്രീ.
കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ വിജയമാണ് മുരളീധരന്റെ മന്ത്രിസ്ഥാനമെന്ന് ജയശ്രീ പറഞ്ഞു.
മന്ത്രിസ്ഥാനം ഉണ്ടെന്ന് കേന്ദ്രത്തിൽ നിന്ന് വിളിച്ചറിയിച്ചതായി മുരളീധരൻ നേരത്തെ അറിയിച്ചിരുന്നുവെന്നും ജയശ്രീ വ്യക്തമാക്കി.
അതേസമയം തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ഡൽഹിയിലേക്ക് പോകുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും ജയശ്രീ പറഞ്ഞു.
സ്വന്തമായി കുഞ്ഞുങ്ങൾ പോലും വേണ്ടെന്ന് തീരുമാനിച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും.
സ്ത്രീ ചേതന എന്ന സംഘടന രൂപീകരിച്ചാണ് താൻ പൊതു രംഗത്ത് പ്രവർത്തിക്കുന്നതെന്നും ജയശ്രീ കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ അംഗീകരമാണ് തൻറെ മന്ത്രി സ്ഥാനമെന്ന് വി മുരളീധരൻ ദില്ലിയിൽ നിന്ന് പ്രതികരിച്ചു.
നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാൻ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല.
ഇതിന്റെ സൂചനയായാണ് മോദി ടീമിൻറെ ഭാഗമാകാൻ ക്ഷണിച്ചിരിക്കുന്നതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.
ഉത്തരവാദിത്വം അതിന് അർഹിക്കുന്ന ഗൗരവത്തോടെ നിറവേറ്റാനുള്ള പരിശ്രമമാണ് തൻറെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം കൈവരിച്ചു. സംസ്ഥാനങ്ങളുടെ ഉയർച്ചയ്ക്കുവേണ്ടിയുള്ള ഒരു സർക്കാർ രൂപീകരിക്കുന്നു.
അത്തരത്തിലാണ് കേരളത്തിൽനിന്നുള്ള ഒരു പ്രതിനിധിയെ തെരഞ്ഞെടുത്തതിനെ കാണുന്നത്.