ഭാര്യ മരിച്ച് മണിക്കൂറുകള്‍ക്കകം ഭര്‍ത്താവ് കാറിനുള്ളില്‍ മരിച്ച നിലയില്‍

14

മാവേലിക്കര: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തഴക്കര ഇറവങ്കര പാലനില്‍ക്കുന്നതില്‍ ഷോബിന്‍ ഫിലിപ്പിന്റെ ഭാര്യ ഷീബയെ (42) ഇന്നലെ രാവിലെ ഏഴിനാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. വൈകീട്ട് മൂന്നിന് മാവേലിക്കര ജില്ലാ ആശുപത്രി ജംഗ്ഷന് പടിഞ്ഞാറ് കാറിനുള്ളില്‍ ഷോബിനെ (48) മരിച്ചനിലയില്‍ കണ്ടെത്തി. ഷീബയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. എന്നാല്‍ ഷോബിയുടെ മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

തെങ്കാശിയില്‍ കൃഷി നടത്തിവന്ന കുടുംബം അടുത്തകാലത്താണ് തഴക്കരയില്‍ സ്ഥിരതാമസമാക്കിയത്. കൃഷി നോക്കാനായി ഇടയ്ക്കിടെ തെങ്കാശിക്ക് പോവാറുള്ള ഷോബിന്‍ പതിവുപോലെ ഇന്നലെ പുലര്‍ച്ചെ അഞ്ചിന് തെങ്കാശിയ്ക്ക് യാത്രതിരിച്ചു. പുലര്‍ച്ചെയുള്ള യാത്രകളായതിനാല്‍ അസുഖബാധിതയായ ഭാര്യയെ വിളിച്ചുണര്‍ത്താതെ പോകുന്നതാണ് പതിവ്. മക്കള്‍ക്ക് സ്‌കൂളില്‍ പോകേണ്ടാത്തതിനാല്‍ ഷീബയെ രാവിലെ ഏഴ് മണിക്ക് വിളിച്ചാല്‍ മതിയെന്നും മാതാവ് അമ്മിണിയോട് പറഞ്ഞിട്ടാണ് ഷോബി കാറില്‍ പുറപ്പെട്ടത്.

Advertisements

ആറരയോടെ ഉണര്‍ന്ന മക്കളായ ഷിബിനും എബിനുമാണ് ഷീബയെ വായില്‍ നിന്ന് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കണ്ടത്. ഇത് കണ്ട് അമ്മിണി ഓടിയെത്തിയപ്പോള്‍ ഷീബയ്ക്ക് അനക്കമില്ലായിരുന്നു. രാത്രി ഷീബ ശക്തമായി ചുമച്ചപ്പോള്‍ ഷോബി മരുന്ന് നല്‍കിയതായി സൂചനയുണ്ട്.

മരണവിവരം അറിയിക്കാന്‍ ഷോബിയുടെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ടവര്‍ ലൊക്കേഷന്‍പരിശോധിച്ച പൊലീസ് ഷോബിന്‍ മാവേലിക്കരയില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷോബിനെ സ്വന്തം കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അകത്തു നിന്ന് പൂട്ടിയ കാറിന്റെ പിന്നിലേക്ക് ചരിച്ച ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാറില്‍നിന്ന് ഒരു കുപ്പി വെള്ളവും ഒരു കിളിക്കൂടും കണ്ടെത്തി. ഷീബയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് ഇടപ്പോളിലെ സ്വകാര്യആശുപത്രി അധികൃതര്‍അറിയിച്ചു.ഷോബിന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഷോബിന്റെ മരണകാരണം വ്യക്തമായിട്ടില്ല.

Advertisement