ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് കോടികൾ വായ്പയെടുത്ത് കടക്കെണിയിലായി രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയ്ക്ക് ക്രിക്കറ്റ് മത്സരം കാണാനെത്തിയപ്പോൾ കൂക്കുവിളി.
ലണ്ടനിലെ ഓവലിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം കണ്ട് മടങ്ങവേയാണ് മല്യയെ തിരിച്ചറിഞ്ഞ് ഇന്ത്യക്കാരായ കാണികൾ ‘കള്ളൻ കള്ളൻ’ എന്ന് കൂവി വിളിച്ചത്.
സ്റ്റേഡിയത്തിലേക്ക് മത്സരം കാണാനെത്തിയ വിജയ് മല്യയെ ഇന്ത്യയിൽ നിന്നുള്ള മാധ്യമപ്രവർത്തകർ വളഞ്ഞിരുന്നു.
എന്നാൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ കളി കാണാനാണ് താൻ ഇവിടെ എത്തിയതെന്നായിരുന്നു മല്യ പറഞ്ഞത്.
തുടർന്ന് കളി കഴിഞ്ഞ് മടങ്ങിയപ്പോഴാണ് ഇന്ത്യക്കാരായ കാണികൾ ‘വിജയ് മല്യ ചോർ ഹെ’ എന്ന മുദ്രാവാക്യം ഉയർത്തിയത്. രാജ്യത്തോട് മാപ്പു പറയണമെന്നും ചിലർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
ഇത് വകവെയ്ക്കാതെ വാഹനത്തിലേക്ക് നീങ്ങിയ മല്യ ‘തന്റെ അമ്മയ്ക്ക് ഇത് വിഷമമുണ്ടാക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്’ എന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
2016 മാർച്ചിലാണ് വിജയ് മല്യ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കടന്നത്. അടുത്തിടെ വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ ലണ്ടനിലെ കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരായ അപ്പീലും കോടതി തള്ളിയിരുന്നു. 9000 കോടി രൂപയാണ് മല്യ ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി വായ്പയെടുത്തിട്ടുള്ളത്.