തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ആത്മഹത്യയിലെ ട്വിസ്റ്റിനു നാടകീയത കൈവന്നത് ആത്മഹത്യാ കുറിപ്പ് പൊലീസിനു കിട്ടാൻ ഒരു ദിവസം വൈകിയത്.
തീ കത്തിയണഞ്ഞ മുറിക്കുള്ളിൽ ഇന്നലെ രാവിലെയാണ് പൊലീസ് പരിശോധന നടത്തിയത്. കുറിപ്പ് ആദ്യ ദിവസമേ കിട്ടിയിരുന്നെങ്കിൽ ഈ ട്വിസ്റ്റിന് സാധ്യത ഇല്ലാതാകുമായിരുന്നു.
കുറിപ്പ് തീയിൽപ്പെട്ടു കത്തിക്കരിഞ്ഞില്ലെന്നതും ബന്ധുക്കൾ നേരത്തെ കണ്ടില്ല എന്നതും നിർണ്ണായകമായി.
ഇതോടെ ഭാര്യയുടേയും മകളുടെ ആത്മഹത്യയിൽ ബാങ്കിനെ പഴിച്ച് ഗൃഹനാഥൻ എത്തി.
മാധ്യമങ്ങൾ അത് വാർത്തയാക്കി. ബാങ്കിനെ തല്ലി തകർത്തു. ഇതിനിടെയാണ് കത്ത് ട്വിസ്റ്റായി എത്തിയത്. ഇതോടെ വാദി പ്രതിയായി. ജപ്തിയിലേക്ക് കാര്യങ്ങളെത്തിയതിന് പിന്നിൽ ബാങ്കിനൊപ്പം ഗൃഹനാഥന്റേയും പങ്ക് തെളിഞ്ഞു.
ജപ്തി നടപടികളിൽ മനംനൊന്ത് അമ്മയും മകളും ആത്മഹത്യ ചെയ്തു എന്ന വാർത്ത പ്രചരിച്ചപ്പോഴും ഭർത്താവ് ചന്ദ്രന്റെ മുഖത്ത് വേദനയുണ്ടായിരുന്നില്ല. മരണത്തിനു ശേഷവും ബാങ്കുകാർ തന്നെ വിളിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞത് കഥ മറ്റൊരു വഴിക്ക് കൊണ്ടു പോയി.
കുടുംബ പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞു വയ്ക്കാനായിരുന്നു ശ്രമം. എന്നാൽ പൊടുന്നനെ കത്തിയമർന്ന മുറിയിലേക്ക് പൊലീസ് പരിശോധനയ്ക്ക് എത്തി.
അമ്മ ലേഖയും മകൾ വൈഷ്ണവിയും ചുവരിൽ എഴുതിയ ഒട്ടിച്ച കത്ത് പൊലീസ് കണ്ടു. കത്ത് മുറിയിൽ മറ്റൊരിടത്ത് വച്ചാൽ കത്തി നശിക്കുമെന്നുള്ളതു കൊണ്ടാണ് അമ്മയും മകളും അത് ചുവരിൽ ഒട്ടിച്ചത്.
പനച്ചമൂട് വൈറ്റ് മെമ്മോറിയൽ കോളജ് യൂണിയൻ വൈസ് ചെയർപഴ്സനായിരുന്ന വൈഷ്ണവിക്ക് എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.
ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അമ്മ ലേഖ. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തിൽ ചേർന്നിരുന്നു.
സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഒടുവിൽ കോളജിൽ വന്നത്. എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്നു.
കരാട്ടേയിൽ വൈഷ്ണവി ബ്ലാക്ക് ബെൽറ്റ് നേടിയിരുന്നു. കരാട്ടേ വൈഷ്ണവി എന്നാണ് കൂട്ടുകാർ വിളിച്ചിരുന്നത്.
അമ്മ ലേഖയോടായിരുന്നു വൈഷ്ണവിക്ക് അടുപ്പം. അമ്മയെക്കുറിച്ചു കൂട്ടുകാരികളോടു സംസാരിച്ചിരുന്ന വൈഷ്ണവി അച്ഛനെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല.
കുറച്ചു നാളുകളായി വൈഷ്ണവി മാനസിക പ്രയാസത്തിലായിരുന്നെന്നു സഹപാഠികൾ പറയുന്നു. വീടു നഷ്ടപ്പെടുമെന്ന ആശങ്ക വൈഷ്ണവിക്ക് ഉണ്ടായിരുന്നു.
വീടു ജപ്തി ഭീഷണിയിലാണെന്നു സഹപാഠികളിൽ ചിലരോടു പറഞ്ഞിരുന്നു. ക്ലാസ് ലീഡറായിരുന്ന വൈഷ്ണവി ഒരിക്കൽപോലും കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല.
ചോദിക്കുമ്പോൾ വീട്ടിൽ പ്രശ്നമാണെന്നായിരുന്നു മറുപടി. ബ്ലാക്ക് ബെൽറ്റ് നേടിയ, മനക്കരുത്തുണ്ടായിരുന്ന വൈഷ്ണവിയുടെ വേർപാടിന്റെ ഞെട്ടലിലാണു സഹപാഠികൾ.