കൊച്ചി: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയേറുന്നു.
ഇവർ ആത്മഹത്യ ചെയ്ത മുറിക്കുള്ളിലെ ചുമരിൽ പതിച്ച നിലയിലായിരുന്നു, മരിച്ച ലേഖയെഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ്.
ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.
അതേ സമയം ഇന്നലെ സംഭവമുണ്ടായ ശേഷം ബന്ധുക്കളും അയൽക്കാരും പൊലീസുമുൾപ്പെടെ നിരവധിപേർ ഇവിടെ എത്തിയിരുന്നെങ്കിലും ആത്മഹത്യാക്കുറിപ്പ് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല എന്നത് ദുരൂഹതയുണർത്തുന്നു.
പോലീസിനും ഇക്കാര്യത്തിൽ വ്യക്തതയില്ല. കൈയക്ഷര പരിശോധനയിലൂടെയേ കത്ത് ലേഖയെഴുതിയതാണോ എന്ന് പോലീസിന് ഉറപ്പിക്കാൻ കഴിയൂ.
ബാങ്കിൽ നിന്നുള്ള ജപ്തി ഭീഷണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ചന്ദ്രനും അമ്മയും പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.
മകൾ മരിച്ചതിനു ശേഷവും ബാങ്കിന്റെ അഭിഭാഷകൻ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും അൽപ്പം മുമ്പു വരെ ചന്ദ്രൻ പറഞ്ഞിരുന്നു.
തുടക്കം മുതൽ കുടുംബാംഗങ്ങളെല്ലാം ഒറ്റക്കെട്ടായി ബാങ്കിനെതിരെ പറഞ്ഞിരുന്നതിനാൽ പൊലീസിനും മറ്റ് സംശയങ്ങൾ തോന്നിയിരുന്നില്ല.
സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൂടി ഉണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ബന്ധുക്കളായ കൂടുതൽ പേരിൽ നിന്ന് പൊലീസ് ഇന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.
തെളിവുകൾ ശേഖരിക്കാനായി ഫോറൻസിക് സംഘത്തിന്റെ കൂടി സഹായത്തോടെ ഇന്ന് വീട് വിശദമായി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന തരത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ ബാങ്കിനെതിരെ നടന്നുവന്ന പ്രതിഷേധ പരിപാടികൾ അൽപ്പം തണുത്തിട്ടുണ്ട്.
എന്റെയും മകളുടെയും മരണത്തിന് കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നാണ്’ കത്തിൽ പറയുന്നത്.
ബാങ്ക് ലോൺ കുടിശികയാകുകയും ജപ്തി നടപടി നേരിട്ടിട്ടും ചന്ദ്രൻ ഒന്നും ചെയ്തില്ല. ചന്ദ്രനിൽ നിന്നും അയാളുടെ അമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും കാലങ്ങളായി സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനവും പീഡനങ്ങളും നേരിട്ടു വരികയായിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
ലേഖയുടെ ഭർത്താവ് ചന്ദ്രൻ, ഇയാളുടെ മാതാവ് കൃഷ്ണമ്മ, സഹോദരി ശാന്ത , ഭർത്താവ് കാശിനാഥൻ എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.