ദുബായ്: കാന്‍സര്‍ ചികിത്സയ്ക്ക് സഹായം തേടി യുഎഇ സ്വദേശിയായ യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയക്ക് മറുപടിയുമായി ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. യുവാവിന്റെ ചികിത്സാ ചെലവ് മുഴുവന്‍ താന്‍ വഹിക്കാമെന്നാണ് ഷെയ്ഖ് ഹംദാന്‍ മറുപടി നല്‍കിയിരിക്കുന്നത്. യുഎഇ പൗരനായ ഖലീഫ മുഹമ്മദ് റാഷിദ് ദവാസാണ് തന്റെ അവസ്ഥ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
താന്‍ കാന്‍സര്‍ രോഗം കാരണം കഷ്ടപ്പെടുകയാണ്. ചികിത്സയ്ക്ക് ഏകദേശം അഞ്ചു കോടി രൂപ (മൂന്നു മില്യണ്‍ ദിര്‍ഹം ) ചിലവ് വരും. ഇത് തന്ന് സഹായിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്ന് ‘ വിഷമത്തോടെ ചോദിക്കുന്ന ഖലീഫ മുഹമ്മദ് റാഷിദ് ദവാസാനെയാണ് കാരുണ്യം കൊണ്ട് ഷെയ്ഖ് ഹംദാന്‍ അമ്പരിപ്പിച്ചത്.
ഖലീഫ മുഹമ്മദ് റാഷിദ് ദവാസിന്റെ ചികിത്സയുടെ ചെലവ് താന്‍ വഹിക്കുമെന്ന് ഷെയ്ഖ് ഹംദാന്‍ പോസ്റ്റിന് കമന്റിലൂടെ മറുപടി നല്‍കി. ധീരനായ താങ്കളുടെ കൂടെ ഞങ്ങളെല്ലാവരുമുണ്ടെന്നും ഷെയ്ഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നു വര്‍ഷം കൂടി മാത്രമേ ഖലീഫ മുഹമ്മദ് ജീവിച്ചിരിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏകദേശം 15000ല്‍ അധികം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമിലൂള്ള വ്യക്തിയാണ് ഖലീഫ മുഹമ്മദ്. തന്റെ ഇനിയുള്ള ജീവിതം സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിക്കുന്നതിനുള്ള ആഗ്രഹത്തോടെയാണ് ഇദ്ദേഹം ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത്.