ന്യൂഡല്‍ഹി: കേരളത്തിലെ മഴക്കെടുതി ദുരിതാശ്വാസത്തിനായി യുഎഇ ധനസഹായം നല്‍കുമെന്ന് അറിയിച്ചിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍. തുകയെത്രയെന്ന് യുഎഇ സര്‍ക്കാര്‍ പറഞ്ഞിരുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. സഹായം നല്‍കുമെന്ന് മാത്രമാണ് പറഞ്ഞത്. 700 കോടിയുടെ കണക്ക് എവിടെ നിന്ന് വന്നുവെന്ന അറിയില്ല. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തിന് സഹായ വാഗ്ദാനമായി നിശ്ചിത തുക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന പ്രസ്താവിച്ചിരുന്നു. ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുളളൂ. കേരളത്തെ സഹായിക്കാനായി ദേശീയ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്
ധനസഹായത്തിന് പുറമെ മരുന്നുകളും എത്തിക്കാനാണ് ശ്രമമെന്നും അഹമ്മദ് അല്‍ ബന്ന പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് 700 കോടിയുടെ സഹായം യുഎഇ വാഗ്ദാനം ചെയ്തെന്ന് വ്യവസായിയായ എം.എ യൂസഫലി അറിയിച്ചതായി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങുന്നതിലുളള നിയമപരമായ തടസങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഈ സഹായം നിരസിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയാണ്. കേന്ദ്രം നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് യുഎഇ അംബാസിഡറുടെ പ്രതികരണം എത്തിയത്.