പാറശാല: വ്യത്യസ്തമായൊരു ഹോസ്റ്റല്‍ സമരം വൈറലാകുന്നു. വനിത ഹോസ്റ്റല്‍ അടച്ചുപൂട്ടിയതിനെതിരെ പെണ്‍കുട്ടികള്‍ നടത്തിയ സമരത്തിലെ മുദ്രാവാക്യങ്ങളാണ് വൈറലാകുന്നത്. റേഞ്ച് ഇല്ലാത്ത പട്ടിക്കാട്ടില് എങ്ങനെ കാണും തുണ്ടു പടം. അയ്യോ പോയെ കിടപ്പാടം പോയെ… കിടപ്പാടം പോയെ… എന്നു തുടങ്ങുന്ന മുദ്രാവാക്യങ്ങളാണ് വൈറലാകുന്നത്.
വനിതാ ഹോസ്റ്റല്‍ അടച്ചു പൂട്ടുന്നതില്‍ പ്രതിഷേധിച്ച് പാറശാല ചെറുവാരക്കോണം സിഎസ്ഐ ലോ കോളെജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിലാണ് വൈറാലായ മുദ്രാവാക്യം ഉയര്‍ന്നത്. ഹോസ്റ്റലിലെ ഭക്ഷണശാലയിലെ വൃത്തിയില്ലായ്മയും ഈച്ച ശല്യവും ഭക്ഷണശാല സമീപത്തുകൂടി കക്കൂസ് മാലിന്യം ഒഴുകികിടക്കുന്നതുള്പ്പടെ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുകയും അടുക്കള വൃത്തിഹീനമായി കിടക്കുകയാണെന്നും നവീകരിക്കണമെന്ന് നിര്‍ദേശിച്ച് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനുപിന്നാലെ അടുക്കള നവീകരിക്കുന്നതിനായി ഒന്‍പതിനകം ഹോസ്റ്റലിലുള്ളവര്‍ സര്വസാധനങ്ങളടക്കം ഒഴിഞ്ഞ് പോകണമെന്ന് കോളെജ് അധികൃതര്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്കി.
എന്നാല്‍ തങ്ങള്‍ പരാതി നല്‍കിയതിലുള്ള പക പോക്കലാണ് ഹോസ്റ്റല്‍ അടച്ചു പൂട്ടുന്നതിനു പിന്നിലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇനിയെന്ന് ഹോസ്റ്റല്‍ തുറക്കുമെന്നതിനുള്ള മറുപടി കോളെജ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലാത്തതാണ് വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കാന്‍ കാരണം.
തമിഴ്നാട്ടില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറിലധികം വിദ്യാര്‍ത്ഥിനികളാണ് കോളെജ് ഹോസ്റ്റലിനെ ആശ്രയിച്ചിരിക്കുന്നത്. കോളെജ് അധികൃതരുടെ പെട്ടന്നുള്ള ഇറക്കി വിടലിന്റെ ഞെട്ടലിലാണ് വിദ്യാര്‍ത്ഥിനികള്‍.