ഒടുവിൽ ആ കൊടുംക്രൂരയായ അമ്മയും അകത്ത്: തൊടുപുഴയിൽ ഏഴു വയസുകാരൻ ക്രൂരമർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു

78

കൊച്ചി: തൊടുപുഴയിൽ ഏഴു വയസുകാരൻ ക്രൂരമർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ അറസ്റ്റിൽ. മർദ്ദന വിവരം മറച്ചുവെച്ചതിനാണ് കുട്ടിയുടെ അമ്മയെ അറസ്റ്റു ചെയ്തിരിക്കുന്നത്.

കുട്ടിയെ ക്രൂരമായി മർദ്ദിച്ച അരുൺ ആനന്ദിനെ സംരക്ഷിക്കുകയും കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയും ചെയ്തതായി വ്യക്തമായതിനെ ത്തുടർന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

Advertisements

അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതിയാണ് പൊലീസിന് നിർദ്ദേശം നൽകിയത്.

കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കിൽ അതിന് കൂട്ട് നിൽക്കുകയോ ചെയ്യുക, ബോധപൂർവം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരിൽ മാനസിക ശാരീരിക സമ്മർദ്ദം ഏൽപ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ആം വകുപ്പിൻറെ പരിധിയിൽ വരുന്ന കുറ്റങ്ങൾ.

10 വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടർന്ന ശേഷം ഏഴുവയസുകാരൻ മരണത്തിന് കീഴടങ്ങിയത്. അരുൺ ആനന്ദ് നിലവിൽ റിമാൻഡിലാണ്.

ഇയാൾക്കെതിരെ കൊലക്കുറ്റവും പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അരുൺ ആനന്ദ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.

കുട്ടിയുടെ മാതാവിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാൻ രാഷ്ട്രീയ ഇടപെടലുകൾ നടന്നിരുന്നു. ഭരണപക്ഷത്തുള്ള ഒരു പാർട്ടിയാണ് ഇവരെ കേസിൽ നിന്നൊഴിവാക്കി സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചത്.

എന്നാൽ സംഭവം വലിയ രീതിയിൽ ചർച്ചയാവുകയും അനവധി പ്രതിഷേധങ്ങൾ സംഭവത്തിനെതിരെ നടക്കുകയും ചെയ്തതോടെയാണ് മാതാവിനെയും അറസ്റ്റ് ചെയ്യാൻ തീരുമാനമായതെന്ന് വിലയിരുത്തപ്പെടുന്നു.

ഇവരുടെ അമ്മ ഈ പാർട്ടിയുടെ സജീവ പ്രവർത്തകയാണ്. കാലങ്ങളായി കുട്ടികൾ പ്രതിയിൽ നിന്നും മർദനമേറ്റു വാങ്ങിയിട്ടും ഈ വിവരം പുറത്തറിയിക്കാതെ മറച്ചുപിടിച്ചത് ഗുരുതര കുറ്റമാണെന്ന ആക്ഷേപത്തിനിടയിലാണ് ഇവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നത്.

രണ്ടു കുട്ടികളെയും രാത്രിയിലും മറ്റും വീട്ടിൽ തനിച്ചാക്കി പോകുന്നത് പ്രതിയായ അനിൽ ആനന്ദും കുട്ടികളുടെ മാതാവും പതിവാക്കിയിരുന്നു.

കുട്ടിക്കു നേരെയുള്ള മർദനവിവരം പുറത്തറിഞ്ഞതു മുതൽ ഇവരെ കേസിൽ പ്രതി ചേർക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു.

കുട്ടിയെ അതിക്രൂരമായി മർദിച്ച് മൃതപ്രായനാക്കി ആശുപത്രിയിൽ എത്തിച്ചപ്പോഴും പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായത്.

ആദ്യഘട്ടത്തിൽ പോലീസിന്റെ ചോദ്യം ചെയ്യലിനോട് ഇവർ സഹകരിച്ചിരുന്നുമില്ല. ഇതോടെ പോലീസ് ഇവരെ പ്രതി ചേർക്കാൻ തീരുമാനിച്ചു.

എന്നാൽ പിന്നീട് ഇവരെ മുഖ്യസാക്ഷിയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ ഇവരുടെ കാര്യങ്ങൾ പാർട്ടിയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്.

Advertisement