തൊടുപുഴ: അതി ക്രൂരമായി ഏഴു വയസുകാരനെ മർദിച്ച കേസിൽ പ്രതിയായ അരുണ്‍ ആനന്ദ് തിരുവനന്തപുരത്തു കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതി.
2008ൽ തിരുവനന്തപുരം മ്യൂസിയം പോലീസാണു ആദ്യമായി കേസെടുത്തത്. 2007ൽ യുവതിയെ മർദിച്ച കേസിലും പ്രതിയാണ്. മദ്യപാനത്തിനിടയിൽ ഒരാളെ കൊലപ്പെടുത്തിയ കേസിൽ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
മറ്റു അടിപിടിക്കേസുകളിലും പ്രതിയായ ഇയാൾ ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും ആയുധം കൈയിൽ സൂക്ഷിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. പതിവായി മദ്യവും ലഹരിപദാർഥങ്ങളും ഉപയോഗിച്ചിരുന്നു. നല്ല നിലയിൽ കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങളുമായി അടുപ്പമില്ലാതെയാണ് ഇയാൾ കഴിഞ്ഞിരുന്നത്.
തൊടുപുഴയിൽ സ്വന്തമായി വർക്ക്ഷോപ്പ് ഉണ്ടെന്നും ഭാര്യാ ഭർത്താക്കന്മാരാണെന്നും പറഞ്ഞാണ് ഉടുന്പന്നൂർ സ്വദേശിനിയായ യുവതിയും അരുണ്‍ ആനന്ദും തൊടുപുഴ കുമാരമംഗലത്തെ വീട്ടിൽ കഴിഞ്ഞ ഒരു മാസമായി വാടകയ്ക്കു താമസിച്ചു വന്നത്. ഇരുവരും ബിടെക് ബിരുദധാരികളാണെങ്കിലും ജോലിക്കു പോയിരുന്നില്ല.
അരുണിനു പിതാവിന്റെ മരണ ശേഷം ബാങ്കിൽ ആശ്രിത നിയമനം ലഭിച്ചെങ്കിലും ഉപേക്ഷിച്ചു. ഒരു വർഷം മുൻപു തിരുവനന്തപുരം സ്വദേശിയായ ഭർത്താവു മരിച്ചതിനെത്തുടർന്ന് നന്തൻകോടെത്തിയ യുവതി ഭർത്താവിന്റെ പിതൃസഹോദരി പുത്രനായ അരുണിനൊപ്പം പോകുകയായിരുന്നു.
മുൻപ് വിവാഹിതനായ ഇയാൾക്കു പത്തു വയസുള്ള കുട്ടിയുണ്ട്. ഭാര്യ ബന്ധമുപേക്ഷിച്ചതിനു ശേഷം വേറെ വിവാഹം കഴിച്ചു വിദേശത്താണ്. യുവതിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കുമാരമംഗലത്തു രണ്ടു നിലകളുള്ള വീടിന്റെ താഴത്തെ നിലയാണ് ഇവർ താമസിച്ചിരുന്നത്.
എന്നാൽ, അയൽവാസികളുമായി അധികം അടുപ്പം പുലർത്തിയിരുന്നില്ല. കുട്ടികൾ മുൻവശത്തിരുന്നു കളിക്കുന്നതും മറ്റും കാണാറുണ്ടായിരുന്നതായി മുകൾ നിലയിൽ താമസിക്കുന്ന കുടുംബം പറയുന്നു. മർദനമേറ്റ കുട്ടിയുടെ അമ്മയും പ്രതി അരുണും ആശുപത്രിയിൽ കുട്ടിയെ എത്തിക്കാനുപയോഗിച്ച വാഹനത്തിൽനിന്നു മഴു കണ്ടെത്തിയത് സംഭവത്തിലെ ദുരൂഹത കൂട്ടി. മഴുവിനൊപ്പം രണ്ടു പ്രഷർ കുക്കർ, വലിയ വേസ്റ്റ് ബാസ്കറ്റ്, മദ്യക്കുപ്പി എന്നിവയും കണ്ടെത്തി.
തൊടുപുഴയിലെ ആശുപത്രിയിൽനിന്നു കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചതോടെ യുവതിയോടൊപ്പം ആംബുലൻസിൽ കയറാതെ കാറിൽ സ്ഥലത്തുനിന്നു മുങ്ങാൻ ശ്രമിച്ച അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് ഇയാളുടെ ശ്രമം പാളിയത്.
വാഹനത്തിൽ മഴുവും കുക്കറും കരുതിയത് എന്തിനെന്ന് ഇയാളെ കൂടുതൽ ചോദ്യം ചെയ്താലേ വ്യക്തമാകുകയുള്ളൂവെന്നു പോലീസ് പറഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹനവും കാറിൽനിന്നു ലഭിച്ച സാധനങ്ങളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി.
സംഭവ ദിവസം രാത്രി ഇളയകുട്ടിയെ വീട്ടിൽ തനിച്ചാക്കിയാണ് പരിക്കേറ്റ കുട്ടിയെയുമായി ഇവർ ആശുപത്രിയിലെത്തിയതെന്നും പോലീസ് പറഞ്ഞു.
പോലീസ് അറിയിച്ചതനുസരിച്ച് അയൽവാസികൾ എത്തി കുട്ടിയെ എടുത്തു മുത്തശിയെ വിളിച്ചുവരുത്തി ഏൽപ്പിക്കുകയായിരുന്നു. മർദനമേറ്റ ഇളയ കുട്ടിക്കു ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം ഇവരുടെ സംരക്ഷണയിൽ വിട്ടുനൽകി.