സൂറത്ത്: മുതലാളിയാണെങ്കില്‍ ഇങ്ങനെയാകണം എന്ന് ആളുകള്‍ പറയുന്നുവെങ്കില്‍ അത് സവ്ജി ധൊലാക്കിയ എന്ന വജ്ര വ്യാപാരിയെക്കുറിച്ചായിരിക്കണം.
ജീവനക്കാര്‍ക്ക് നല്‍കാറുള്ള കിടിലന്‍ സമ്മാനങ്ങളുടെ പേരിലാണ് ഇദ്ദേഹം പതിവായി വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ വര്‍ഷം 1200 ജീവനക്കാര്‍ക്ക് ഡാറ്റ്സണ്‍ റെഡിഗോ കാര്‍ നല്‍കിയാണ് ധൊലാക്കിയ എല്ലാവരെയും വിസ്മയിപ്പിച്ചതെങ്കില്‍ ഇത്തവണ അതിനെയൊക്കെ കടത്തി വെട്ടിയിരിക്കയാണ്. മെഴ്സിഡസ് ബെന്‍സിന്റെ കാറുകളാണ് ഇത്തവണ ധൊലാക്കിയ തന്റെ ജീവനക്കാര്‍ക്കായി നല്‍കിയത്.
കാറൊന്നിന് ഒരു കോടി വിലവരുന്ന ബെന്‍സ് ജി.എല്‍.എസ് എസ്.യു.വിയാണ് തന്റെ കമ്പനിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് ജീവനക്കാര്‍ക്കായി ധൊലാക്കിയ നല്‍കിയത്. സൂറത്തില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേലാണ് ജീവനക്കാര്‍ക്ക് കാറുകള്‍ കൈമാറിയത്.
ഈ മൂന്ന് ജീവനക്കാരും അവരുടെ കൗമാര പ്രായത്തിലാണ് തന്റെ കമ്പനിയില്‍ ചേര്‍ന്നതെന്നും ഇന്നവര്‍ തന്റെ കമ്പനിയിലെ ഏറ്റവും വിശ്വസ്തരും പ്രിയപ്പെട്ടവരുമാണെന്നും ധൊലാക്കിയ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്ക് 51 കോടി രൂപയാണ് ധൊലാക്കിയ ബോണസായി തന്റെ ജീവനക്കാര്‍ക്ക് നല്‍കിയത്.
അതിന് മുന്‍പ് 1260 കാറുകളും 400 ഫ്ളാറ്റുകളും ജീവനക്കാര്‍ക്ക് നല്‍കിയും ധൊലാക്കിയ ചരിത്രം സൃഷ്ടിച്ചിരുന്നു. 6000 കോടി രൂപ വാര്‍ഷിക വരുമാനമുള്ള ധൊലാക്കിയയുടെ കമ്പനിയില്‍ 5500 ജീവനക്കാരാണ് ജോലി നോക്കുന്നത്. ജീവനക്കാര്‍ക്ക് അവരുടെ ജോലിയിലെ ആത്മാര്‍ത്ഥതക്ക് അനുസരിച്ച് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കലാണ് ധൊലാക്കിയയുടെ രീതി.
1977ല്‍ അംമ്രേലിയിലെ ദുധാല എന്ന കുഗ്രാമത്തില്‍ നിന്ന് 12 രൂപയുമായി സൂറത്തില്‍ ബസ്സിറങ്ങിയ സവ്ജി ധൊലാക്കിയ കഠിനാധ്വാനം കൊണ്ടാണ് വന്‍ വ്യവസായിയായി മാറിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ വജ്രവ്യാപാരികളിലൊരാളാണ് ഇദ്ദേഹം.