കൊച്ചി: അമ്മയുടെ കാമുകന്റെ മർദനത്തിൽ തൊടുപുഴയിൽ ഏഴുവയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പൊതുജനരോക്ഷം ശക്തമാകുന്നു.
തൊടുപുഴയിൽ കഴിഞ്ഞദിവസം നടന്ന പ്രതിഷേധജ്വാലയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. യുവതിക്കെതിരേ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പോലീസ് കുട്ടിയുടെ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന പരാതി ശക്തമായിരിക്കുകയാണ്.
അതേസമയം മാനസിക ആരോഗ്യം വീണ്ടെടുത്ത യുവതി ഇപ്പോൾ വളരെ സന്തോഷവതിയാണെന്നാണ് ഇവരുമായി അടുത്ത ബന്ധുക്കൾ പറയുന്നത്.
കുട്ടി മരിച്ചതിന്റെ വിഷമമൊന്നും ഇവർ പ്രകടിപ്പിക്കുന്നില്ല. താൻ ഏറെനാളുകൾക്കുശേഷം നന്നായി ഇപ്പോൾ ഉറങ്ങാറുണ്ടെന്നും ഇനി സ്വന്തമായി ഒരു ജോലി കൂടി വേണമെന്നുമാണ് സിനിമ സംവിധായകന്റെ മകളായ യുവതിയുടെ ആവശ്യം.
ഇതിനിടെ യുവതിയുടെ ആദ്യഭർത്താവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് 23 നു നടന്ന മരണത്തിൽ ദുരൂഹത ആരോപിച്ചു പിതാവു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
മരണത്തിൽ ഭാര്യയായ യുവതിക്കും ഒപ്പം താമസിച്ചിരുന്ന അരുൺ ആനന്ദിനും പങ്കുണ്ടോയെന്നാണു പരിശോധിക്കുന്നത്.
ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആശുപത്രിയിലെത്തുംമുമ്പേ മരിച്ചതിനാലാണ് പോസ്റ്റ്‌മോർട്ടം ചെയ്തത്. ഈ റിപ്പോർട്ട് മറ്റൊരു വിദഗ്ധ മെഡിക്കൽ സംഘം പരിശോധിക്കും. കടുത്ത കൊളസ്‌ട്രോൾ, പ്രമേഹ ബാധിതനായിരുന്നു കുട്ടിയുടെ പിതാവെന്നാണു മെഡിക്കൽ റിപ്പോർട്ട്.
സംഭവദിവസം കുട്ടിയെ നിലത്തിട്ടു ചവിട്ടുകയും തറയിലൂടെ വലിച്ചിഴച്ചു വലിച്ചെറിയുകയുമായിരുന്നെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകി. കുട്ടിയുടെ തല കട്ടിലിന്റെ കാൽപലകയിലിടിച്ചാണ് അപകടമുണ്ടായത്.
മർദനത്തിനു വ്യത്യസ്ത കാരണങ്ങളാണ് അരുൺ കണ്ടെത്തിയിരുന്നത്. സ്‌കൂളിൽ എന്നെപ്പറ്റി എന്താടാ നീ പറഞ്ഞത് എന്നു ചോദിച്ചായിരുന്നു സംഭവദിവസത്തെ മർദനമെന്നും അവർ മൊഴി നൽകി.
ഭർത്തൃ വീട്ടുകാരിൽനിന്ന് അവഗണന ഉണ്ടായപ്പോൾ ഭർത്താവിന്റെ അടുത്തബന്ധുവായ അരുൺ മാത്രമാണു ഒപ്പം നിന്നുസഹായിച്ചതെന്ന് യുവതി പറയുന്നു.
തൊടുപുഴയിലുള്ള അമ്മയുമായും അകൽച്ചയിലായിരുന്നു. ഈ സന്ദർഭത്തിൽ അരുണിനെ ഒഴിവാക്കാൻ കഴിഞ്ഞില്ല. പലപ്പോഴും തനിക്കും മർദനമേറ്റിട്ടുണ്ട്.
താൻ വണ്ടിയോടിച്ച് രാത്രിയിലടക്കം അരുണുമൊത്തു ഭക്ഷണം വാങ്ങാൻ പോയിട്ടുണ്ട്. അപ്പോൾ കുട്ടികളെ വീട്ടിൽ ഉറക്കിക്കിടത്തുകയാണു പതിവ്.
കുട്ടികളെ ഓർത്തുമാത്രമാണ് ആത്മഹത്യ ചെയ്യാതിരുന്നത്. ജീവിതത്തിൽ ഉറങ്ങിയിട്ടു വളരെക്കാലമായെന്നും ഇപ്പോൾ ആശുപത്രിൽവച്ചാണ് നന്നായി ഉറങ്ങിയതെന്നും അവർ പോലീസിനോടു പറഞ്ഞു.