താജ്മഹലിന്റെ ഉടമസ്ഥാവകാശം: ഷാജഹാന്റെ ഒപ്പുമായി വരാന്‍ സുപ്രീംകോടതി

31

ന്യൂഡല്‍ഹി: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായുള്ള താജ്മഹലിന്റെ അവകാശ തര്‍ക്കത്തിനിടെ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രിംകോടതിയുടെ ആവശ്യം.

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ താജ്മഹലിന്റെ അവകാശം തങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്ന വഖഫ് ബോര്‍ഡിന്റെ വാദത്തെ തുടര്‍ന്നാണ് സുപ്രിം കോടതി ഉത്തരവ്. രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. താജ് വഖഫ് ബോര്‍ഡിന്റേതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ആരാണ് വിശ്വസിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എങ്ങനെയാണ് ഷാജഹാന്‍ വഖഫ് നാമ ഒപ്പിട്ടു നല്‍കുക. എപ്പോഴാണ് ഒപ്പിട്ടത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Advertisements

താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്.

വഖഫ് ബോര്‍ഡിനായി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയാണ് ഹാജരായത്. ഷാജഹാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ താജ്മഹല്‍ വഖഫ് ബോര്‍ഡിന്റെ കീഴിലാണെന്ന് വി.ഗിരി വാദിച്ചു. എന്നാല്‍ ഷാജഹാന്റെ കാലത്ത് വഖഫ് ബോര്‍ഡ് രൂപീകരിച്ചിട്ടില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ എ.ഡി.എന്‍ റാവു പറഞ്ഞു.

Advertisement