ന്യൂഡല്‍ഹി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ കഴിയുമോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി.
ഐ ടി ആക്ട് അടക്കമുള്ള നിയമങ്ങള്‍ പ്രകാരം മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് ബോധ്യപ്പെടുത്താന്‍ ദിലീപിന്റെ അഭിഭാഷകന് കോടതി നിര്‍ദ്ദേശം നല്‍കി.
ജസ്റ്റിസ് എഎം കണ്‍വില്‍ക്കര്‍, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. പകര്‍പ്പ് നല്‍കുന്നതിന്റെ നിയമപരമായ സാധ്യതകളാണ് കോടതി പരിശോധിക്കുന്നത്.
കേസില്‍ ഈ മാസം 11ന് വാദം കേള്‍ക്കും. മെമ്മറി കാര്‍ഡ് രേഖയല്ലെന്നും നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നുമുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു.
എന്നാല്‍ താന്‍ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് വാദിച്ചു. കാര്‍ഡ് കിട്ടിയാല്‍ പോലീസ് കേസ് വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് ദിലീപിന് വേണ്ടി ഹാജരായ മുന്‍ ജനറല്‍ മുകുള്‍ റോത്തഗി വാദിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കാന്‍ ദിലീപിന് അവകാശമുണ്ടെന്ന് അദ്ദേഹം വാദിച്ചു. ദൃശ്യങ്ങളുടെ പകര്‍പ്പ് എങ്ങിനെ നല്‍കാനാകുമെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ചോദിച്ചു. ഇ- മെയില്‍ ആണെങ്കില്‍ പ്രിന്റ് എടുക്കാം. ദൃശ്യങ്ങള്‍ എങ്ങിനെ പ്രിന്റ് എടുക്കുമെന്ന് കോടതി ചോദിച്ചു.
സിആര്‍പിസി 207 പ്രകാരം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കാനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് റോത്തഗി മറുപടി നല്‍കി.
മെമ്മറി കാര്‍ഡ് രേഖയല്ല, അത് പുറത്തു വിട്ടാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞത് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മെമ്മറി കാര്‍ഡ് രേഖയാണെന്ന് കരുതിയാലും അതിന്റെ സെന്‍സിറ്റീവ് സ്വഭാവം പരിഗണിക്കുമ്പോള്‍ നല്‍കാന്‍ ആകില്ലെന്ന ഹൈക്കോടതി തീര്‍പ്പ് ശരിയല്ലേയെന്നും കോടതി ചോദിച്ചു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ്. ഏഴോളം ദൃശ്യങ്ങള്‍ ഒരുമിപ്പിച്ചതാണ് കാര്‍ഡിലുള്ളത്. മെമ്മറി കാര്‍ഡ് നല്‍കാതിരിക്കാന്‍ പറഞ്ഞ വാദങ്ങള്‍ അപ്രസക്തമാണ് തുടങ്ങിയ വാദങ്ങളാണ് റോത്തഗി ഉന്നയിച്ചത്. മെമ്മറി കാര്‍ഡ് പോലീസ് റിപ്പോര്‍ട്ടിന്റെ ഭാഗമാണോയെന്ന് കോടതി ചോദിച്ചു. അതേയെന്നായിരുന്നു മറുപടി. മെമ്മറി കാര്‍ഡ് രേഖയല്ലെന്ന കാര്യം അപ്പോള്‍ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ആവര്‍ത്തിച്ചു.
അതേസമയം ദിലീപിന്റെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. മെമ്മറി കാര്‍ഡ് മെറ്റീരിയല്‍ ആയാണ് പരിഗണിച്ചതെന്നും അതിനാല്‍ അത് നല്‍കാന്‍ ആകില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കണ്ടു പരിശോധിക്കാം. കോപ്പി നല്‍കാന്‍ കഴിയില്ല. ഗുരുതരമായ കേസ് ആണെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കൗണ്സല്‍ ജി. പ്രകാശ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരേന്‍ പി റാവല്‍ എന്നിവരാണ് ഹാജരായത്.