ബംഗളൂരു: തെന്നിന്ത്യൻ നടി ശ്രുതി ഹരിഹരൻ നടൻ അർജുനെതിരേ പോലീസിൽ പരാതി നല്കി. നടൻ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് അഞ്ചു പേജുള്ള പരാതിയാണ് ശ്രുതി ബംഗളുരു കബണ് പാർക്ക് പോലീസിനു നല്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അർജുനെതിരേ ഇന്ത്യൻ ശിക്ഷാനിയമം 354 (ലൈംഗിക ഉപദ്രവം), 509 (സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരം, അംഗവിക്ഷേപം), 506 (ഭീഷണിപ്പെടുത്തൽ) വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു.
രണ്ടു വർഷത്തിനിടെ നടന്ന മൂന്നു സംഭവങ്ങളാണ് ശ്രുതി ഹരിഹരൻ പരാതിയിൽ പരാമർശിക്കുന്നത്. 2015 നവംബറിൽ ഇരുവരുമൊന്നിച്ചുള്ള വിസ്മയ എന്ന ചിത്രത്തിന്റെ ബംഗളുരു ഹെബ്ബാളിലെ ലൊക്കേഷനിൽ വച്ചാണ് അർജുനിൽ നിന്ന് ആദ്യമായി മോശം അനുഭവമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. റിഹേഴ്സലിന്റെ സമയത്ത് താരം അനുവാദമില്ലാതെ തന്റെ ശരീരത്തിൽ സ്പർശിച്ചെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് ശ്രുതിയുടെ ആരോപണം.
താനൊരു പുതുമുഖ നടിയും അർജുൻ വളരെ മുതിർന്ന താരവുമായിരുന്നതിനാൽ അന്ന് പരാതിപ്പെടാൻ ധൈര്യപ്പെട്ടില്ലെന്നും ശ്രുതി പറഞ്ഞു. അതേ ചിത്രത്തിന്റെ മറ്റൊരു സീൻ ചിത്രീകരിക്കുന്പോഴും തനിക്ക് മോശം അനുഭവമുണ്ടായെന്നും സംവിധായകനോട് കാര്യം പറഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ലെന്നും അവർ പരാതിയിൽ പറയുന്നു.
അതേവർഷം ഡിസംബറിലാണ് രണ്ടാമത്തെ സംഭവം നടന്നത്. ദേവനഹള്ളിയിലെ ഒരു ആശുപത്രിയിലായിരുന്നു ലൊക്കേഷൻ. ചിത്രീകരണത്തിനിടെ തന്നെ സമീപിച്ച അർജുൻ രാത്രി തന്റെയൊപ്പം സ്വകാര്യനിമിഷങ്ങൾ ചെലവഴിക്കാൻ ക്ഷണിച്ചുവെന്ന് ശ്രുതി ആരോപിച്ചു. പിന്നീട് ഒരു ദിവസം അദ്ദേഹം തന്റെ റിസോർട്ടിലേക്ക് ക്ഷണിച്ചതായും താൻ കാര്യം തിരക്കിയപ്പോൾ തന്റെ മുറിയിൽ ആരുമില്ലെന്ന് അർജുൻ പറഞ്ഞതായും ശ്രുതി പരാതിയിൽ പറഞ്ഞു.
2016 ജൂലൈ 18നാണ് മൂന്നാമത്തെ സംഭവം. യുബി സിറ്റിയിലെ ലൊക്കേഷനിൽ തനിയെ നിന്ന തന്നെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച അർജുൻ തന്റെ മുറിയിലേക്ക് വരാൻ ആവശ്യപ്പെട്ടുവെന്ന് ശ്രുതി ആരോപിച്ചു. വരില്ലെന്ന് പറഞ്ഞപ്പോൾ ഒരുദിവസം തന്നെ മുറിയിലെത്തിക്കുമെന്ന് താരം മറുപടി പറഞ്ഞുവെന്നും ഇക്കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ തന്റെ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രുതി പറയുന്നു.
മീ ടു കാന്പയ്നിന്റെ ചുവടുപിടിച്ചുള്ള ശ്രുതിയുടെ വെളിപ്പെടുത്തൽ തെന്നിന്ത്യൻ സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടിക്ക് പിന്തുണയുമായി നിരവധി താരങ്ങൾ രംഗത്തെത്തി. ശ്രുതിക്കെതിരേ അർജുൻ അഞ്ചുകോടി രൂപയുടെ മാനനഷ്ടക്കേസ് നല്കിയിട്ടുണ്ട്. ബംഗളൂരു സിറ്റി സിവിൽ കോർട്ടിൽ അർജുനു വേണ്ടി അനന്തരവൻ ധ്രുവ് സാർജയാണ് കേസ് നല്കിയത്.