കൊച്ചി:കൈകാണിച്ചിട്ടും നിറുത്താതെ ആഡംബര കാറില്‍ അമിത വേഗതയില്‍ പാഞ്ഞ താരപുത്രനെ കൈയോടെ പിടികൂടി കേരള പൊലീസ്.
നടന് ബാബുരാജിന്റെ മകന് അക്ഷയിനെയാണ് പൊലീസ് പിടികൂടിയത്. അടിമാലി പത്താംമൈലില്‍ കൈകാണിച്ചിട്ടും കാര്‍ നിര്‍ത്താത്തതില്‍ സംശയം തോന്നിയാണ് ടൗണില്‍ വച്ച് പൊലീസ് കാര്‍ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കക്ഷി ബാബുരാജിന്റെ മകനാണെന്ന് മനസിലാവുകയായിരുന്നു.
കൊച്ചി ധനുഷ്ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാര്‍ പൊലീസിന്ടെ പരിശോധക സംഘമാണ് ആദ്യം പത്താം മൈലില്‍ തടഞ്ഞത്.
കൈകാണിച്ച് നിറുത്താനാവശ്യപ്പെട്ടിട്ടും വകവയ്ക്കാതെ പാഞ്ഞ കാറിനെക്കുറിച്ചുളള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. വാഹനവുമായി ബന്ധപ്പെട്ട് നിഗൂഡത തോന്നിയ സ്റ്റേഷനിലെ പൊലീസുകാര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കാര്‍ വരുന്നതും കാത്ത് നിലയുറപ്പിച്ചു.
വിവരമറിഞ്ഞതോടെ നാട്ടുകാരും യാത്രക്കാരുമുള്‍പ്പടെ തടിച്ചുകൂടി. തുടര്‍ന്ന് അര മണിക്കൂര്‍ കഴിഞ്ഞെത്തിയ വാഹനം പിടികൂടി സ്റ്റേഷനിലെത്തിച്ചു. വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് വാഹനമോടിച്ച യുവാവ് നടന് ബാബുരാജിന്റെ മകന് അക്ഷയ് ആണെന്ന് അറിയിച്ചത്.
പത്താം മൈലില്‍ പൊലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് നിറുത്താത്തതിനു കാരണമായ് അക്ഷയ് പറഞ്ഞത്. തുടര്‍ന്ന് വാഹനം പരിശേധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ അമിതവഗതയ്ക്ക് താരപുത്രനെ കൊണ്ട് 500 രൂപ പിഴയടപ്പിച്ച് വിടുകയായിരുന്നു.