ആലുവ: ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിക്കു നേരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. ഫേസ്ബുക്കിലെ മരണവാര്‍ത്തയ്ക്കു താഴെ കമന്റിട്ടുകൊണ്ടായിരുന്നു മരണപ്പെട്ട യുവതിക്കു നേരെ അധിക്ഷേപം നടത്തിയത്.
‘ആലുവ പുഴയില്‍ നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കീഴടങ്ങി’ എന്ന ഏഷ്യാനെറ്റിന്റെ വാര്‍ത്തയ്ക്കു താഴെയാണ് യുവതിയെ ഏറ്റവും മോശം വാക്കുകള്‍ കൊണ്ട് അപമാനിച്ചത്.
ബംഗളുരുവില്‍ നഴ്സായി ജോലി ചെയ്യുന്ന ആന്‍ലിയ എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്‍ മാത്യു ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു.
‘ഈ മാലാഖയുടെ കയ്യിലിരിപ്പ് അവനല്ലേ അറിയൂ, ചുമ്മാതെ ആരും ആരേയും കൊല്ലില്ല’ എന്നായിരുന്നു ഷൈജു കെ.സി എന്നയാള്‍ കമന്റിട്ടത്.
‘ആരുടെ കയ്യിലാണ് തെറ്റെന്ന് പറയാന്‍ പറ്റില്ല. അവന്‍ തന്നെയാണ് കൊലയാളി എന്നു വിചാരിക്കരുത്. കേസു വന്നാല്‍ കീഴടങ്ങിയേ പറ്റു. പിന്നെ നഴ്‌സ് അല്ലേ, സുന്ദരിയും അതും ബാഗ്ലൂരില്‍ എക്‌സ്ട്രാ മാരിട്ടല്‍ അഫയര്‍ കാണും.
അല്ലെങ്കില്‍ എക്‌സ് ബോയി ഫ്രണ്ടായി പഞ്ചാര വര്‍ത്താനം ഉണ്ടാകും. അതു കണ്ടു പിടിച്ചപ്പോള്‍ അടിയായി. പിടിയായി. അവസാനം ഇങ്ങനെ’ എന്നായിരുന്നു ടോംജോര്‍ജ്ജ് എന്നയാള്‍ കമന്റിട്ടത്.
സമാനമായി യുവതിയെ അധിക്ഷേപിക്കുന്നതും സ്ത്രീവിരുദ്ധവുമായി നിരവധി കമന്റുകളാണ് വാര്‍ത്തയ്ക്കു താഴെ വന്നത്. അതേസമയം ഇത്തരം അധിക്ഷേപ കമന്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഗാര്‍ഹികപീഡനം ആരോപിച്ച് ആന്‍ലിയയുടെ അച്ഛന്‍ ഹൈജിനസ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഗാര്‍ഹികപീഡനം, ആത്മഹത്യപ്രേരണാകുറ്റം എന്നിവ ജസ്റ്റിനെതിരെ പൊലീസ് ചുമത്തിയിരുന്നു.
ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരുന്നു അന്വേഷണച്ചുമതല. എന്നാല്‍ കേസില്‍ തുടര്‍നടപടികളുണ്ടാകുന്നില്ലെന്ന് കാണിച്ച് ആന്‍ലിയയുടെ അച്ഛന്‍ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 25-നാണ് ആന്‍ലിയയെ തൃശ്ശൂരില്‍ നിന്ന് കാണാതായത്. 28-ന് മൃതദേഹം ആലുവ പുഴയില്‍ നിന്ന് കണ്ടെത്തി.
മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈജിനസ് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ജസ്റ്റിന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് അറിഞ്ഞതോടെയാണ് വന്ന് കീഴടങ്ങിയത്.