ആളുകള്‍ പരിഹസിച്ച് പ്രചരിപ്പിക്കുന്ന ശിശുദിനത്തിലെ വൈറല്‍ വീഡിയോയെ കുറിച്ച് ആ ടീച്ചര്‍ പ്രതികരിക്കുന്നു

21

കൊച്ചി: ശിശുദിനത്തില്‍ വ്യത്യസ്തമായ രിതിയില്‍ ഓട്ടന്‍തുള്ളലിലൂടെ അസാധ്യ പെര്‍ഫോമന്‍സ് കാഴ്ചവെച്ച ടിച്ചറുടെ വീഡിയെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിലര്‍ പരിഹാസത്തോടെയും ചിലര്‍ കാര്യമായും ആണ് ഈ വീഡിയോയെ സമീപിച്ചത്.

അസാധ്യ പെര്‍ഫോമന്‍സും അമ്പരപ്പിക്കുന്ന എനര്‍ജിയും കൊണ്ട് വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്ത ആ ‘ശിശുദിന ടീച്ചര്‍’ ഇതാ ഇവിടെയുണ്ട്. ഇതാ ഇവിടെയുണ്ട്. എംവി ഉഷ. തൃക്കരിപ്പൂര്‍ സെന്റ് പോള്‍ ജിയുപിഎസിലെ പ്രൈമറി അധ്യാപികയാണ് ഉഷ ടീച്ചര്‍.

Advertisements

എംവി ഉഷ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ ആരും മനസ്സിലാക്കണമെന്നില്ല. പക്ഷേ ശിശുദിനത്തില്‍ നെഹ്‌റുവിനെക്കുറിച്ചുള്ള ‘ഓട്ടന്‍ തുള്ളല്‍’ അവതരിപ്പിച്ച ടീച്ചര്‍ എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലായേക്കും. ടീച്ചറുടെ അസാധ്യ പെര്‍ഫോമന്‍സിന് സൈബര്‍ ലോകത്ത് അഭിനന്ദനങ്ങളോടൊപ്പം
ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

എന്റെ വിദ്യാര്‍ത്ഥികള്‍ മക്കളെപ്പോലെയാണെന്ന് ഞാന്‍ പറയില്ല. അവരെനിക്ക് മക്കള്‍ തന്നെയാണ്. അവരിലേക്ക് ഒരു പാഠം അതുമല്ലെങ്കില്‍ ഒരു സന്ദേശം എത്തിക്കണമെന്ന് ഞാന്‍ കരുതിയുറപ്പിച്ചാല്‍ ഞാന്‍ എത്തിക്കുക തന്നെ ചെയ്യും. ഇനി അതിന് പാട്ട് പാടണമെങ്കില്‍ പാട്ടു പാടും നൃത്തം ചെയ്യണമെങ്കില്‍ അതു ചെയ്യും കൂടുതലെന്തിന് പറയണം ഇനി അഭിനയിക്കണമെങ്കില്‍ ഞാന്‍ അതിലും ഒരു കൈ നോക്കും.’ വെറലായ പെര്‍ഫോമന്‍സിനെ കുറിച്ച് ടീച്ചര്‍ പറയുന്നു.

‘എന്നെയെന്ത് വേണമെങ്കിലും പറഞ്ഞാട്ടേ… കളിയാക്കിക്കോട്ടെ. ഞാന്‍ ഞാനായിരിക്കുന്നിടത്തോളം കാലം, എന്റെ ജോലി അധ്യാപനമാണെന്ന് ബോധ്യമുള്ളിടത്തോളം കാലം ഞാന്‍ ഇങ്ങിനെയൊക്കെ തന്നെയായിരിക്കും. പക്ഷേ അതിന്റെ പേരില്‍ എന്റെ മകള്‍ വേദനിച്ചു എന്നറിഞ്ഞപ്പോള്‍ തെല്ല് വിഷമം തോന്നി.’ ഉഷ ടീച്ചറുടെ ആമുഖം ആ വേദന പങ്കു വച്ചു കൊണ്ടായിരുന്നു.

‘പ്രീ പ്രൈമറി ടീച്ചിങ് രംഗത്ത് 10 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇക്കണ്ട നാളിനിടയ്ക്ക് പിള്ളേരുടെ മുന്നില്‍ ആടിയും പാടിയും അഭിനയിച്ചും ഒക്കെ തന്നെയാണ് പാഠം ചൊല്ലിക്കൊടുത്തിട്ടുള്ളത്. എന്റെ മക്കളാണ് മുന്നിലിരിക്കുന്നത്. അന്നേരം അയ്യേ… ഇതൊക്കെ നാണക്കേടല്ലേ…അതല്ലെങ്കില്‍ നാട്ടുകാര്‍ കണ്ടാല്‍ എന്തു വിചാരിക്കും വൈറലാകുമോ എന്നൊന്നും ചിന്തിക്കാറില്ല. ഞാനെന്നെ മറക്കും, എന്റെ ശരീരം മറക്കും സര്‍വ്വതും മറന്ന് പഠിപ്പിക്കും. കുട്ടികളില്‍ അത് എത്തണമെന്ന് മാത്രം. ഞാനിങ്ങനാണ് മാഷേ…’

‘ശിശുദിനത്തില്‍ ചാച്ചാജിയെക്കുറിച്ച് കുട്ടികള്‍ക്ക് എന്തെങ്കിലും മനസിലാകുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്നേ ഐഡിയ ഇട്ടുള്ളൂ. അതിങ്ങനെയാകുമെന്ന് ആരു കണ്ടൂ… സോഷ്യല്‍ മീഡിയ പറയും പോലെ ഞാന്‍ ഓട്ടന്‍ തുള്ളല്‍ കലാകാരിയൊന്നുമല്ല കേട്ടോ. ആകെയുള്ള ബന്ധം, എന്റെ മകള്‍ ഓട്ടന്‍ തുള്ളല്‍ അഭ്യസിച്ചിട്ടുണ്ട് അത്രമാത്രം. ഓട്ടന്‍ തുള്ളലിന്റെ ശീലുകള്‍ക്കൊപ്പിച്ച് നെഹ്‌റുവിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ മിക്‌സ് ചെയ്തത് പക്ഷേ ഞാനാണ്. ക്ലാസില്‍ അവതരിപ്പിക്കുന്ന മാതിരി ശിശുദിനത്തിലെ സ്‌പെഷ്യല്‍ അസംബ്ലിയിലും അതങ്ങ് അവതരിപ്പിച്ചു. പക്ഷേ ആ വീഡിയോ ആരെങ്കിലും എടുക്കുമെന്നോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നോ കരുതിയില്ല.’ടീച്ചര്‍ പറയുന്നു.

ടീച്ചര്‍ക്ക് ബാധ കയറിയോ… നെഹ്‌റു കേട്ടാല്‍ സഹിക്കുമോ എന്നിങ്ങനെയുള്ള കമന്റുകള്‍ കേട്ടു. അത്തരം സമയം കൊല്ലി കമന്റുകളുടെ പേരില്‍ ഞാനെന്തിന് ടെന്‍ഷനടിക്കണം. കളിയാക്കുന്നവര്‍ കളിയാക്കട്ടേ. ഞാന്‍ പറഞ്ഞല്ലോ ഇത് വൈറലായാലും ഇല്ലെങ്കിലും ഞാന്‍ ഇങ്ങനെയൊക്കെ തന്നെയാണ്. ഉദാഹരണത്തിന് സിംഹരാജന്റെ കഥ പറയാനാണ് എന്റെ ഭാവമെങ്കില്‍ ഞാന്‍ സിംഹമാകും… കുട്ടിക്കഥകളിലെ മല്ലനും മാതേവനുമായി ഞാന്‍ എത്രയോ വട്ടം വേഷം കെട്ടിയിരിക്കുന്നു.

പിന്നെ പറയാനുള്ളത്, നിങ്ങള്‍ക്ക് കളിയാക്കാന്‍ ഈയൊരൊറ്റ വീഡിയോയെ മാത്രമേ കിട്ടിയുള്ളൂ എന്ന്മാത്രം. സ്‌കൂളില്‍ അന്വേഷിച്ചാല്‍ കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ കുട്ടികളെ ഇങ്ങനെയാണ് പഠിപ്പിക്കുന്നത്. അതൊക്കെ ഈ സോഷ്യല്‍ മീഡിയക്കാര്‍ കണ്ടിരുന്നെങ്കില്‍ ഞാനിത്തിരിക്കൂടി വൈറലായേനെ.

സ്റ്റാഫ് അംഗങ്ങളില്‍ ആരോ ആണ് ആ വീഡിയോ എടുത്തത് എന്ന് മാത്രം അറിയാം. പക്ഷേ അതാര് വൈറലാകാന്‍ പാകത്തിന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്ന് എനിക്കറിയില്ല.

വീഡിയോ വൈറലായ വഴിയോ അതിന് കാരണക്കാരായവരെയോ ഞാന്‍ അന്വേഷിച്ച് ചെന്നിട്ടില്ല. ഞാനിങ്ങനെ ആയിരിക്കുന്നിടത്തോളം കാലം എനിക്ക് അതിന്റെ ആവശ്യവുമില്ല. പക്ഷേ ഇതിന്റെ പേരില്‍ എന്റെ മകളോട് ചിലര്‍ കുത്തുവാക്കുകള്‍ പറഞ്ഞു. ‘നിന്റെ അമ്മയ്ക്കിതെന്ത് പറ്റി, എന്തേ ഇങ്ങനെ കിടന്ന് തുള്ളാന്‍ പക്ഷേ ആരംഭത്തില്‍ കളിയാക്കിയവര്‍ അഭിനന്ദനവുമായെത്തിയപ്പോള്‍ അവളും ഹാപ്പിയായി.

ഗള്‍ഫിലുള്ള ഭര്‍ത്താവ് രാമകൃഷ്ണനും എന്നെ നന്നായി അറിയാം. നിന്നെയെനിക്കറിയാം..ഒരു കളിയാക്കലുകളുടേയും പേരില്‍ വിഷമിക്കരുത് എന്നാണ് ചേട്ടന്‍ എന്നോട് പറഞ്ഞത്. കളിയാക്കലുകള്‍ അസഹ്യമായപ്പോള്‍ സഹ ടീച്ചര്‍മാരും ആശ്വസിപ്പിക്കാനെത്തി. ശ്ശെടാ…ഒന്നു വൈറലായെന്നു കരുതി ജോലി ചെയ്യാണ്ടിരിക്കാനൊക്കോ ടീച്ചറുടെ മുഖത്ത് കള്ളച്ചിരി.

Advertisement