കൊച്ചി: അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന കെപിഎസി ലളിതയുടെ വെളിപ്പെടുത്തലുണ്ടാകുന്നത് കുറച്ചു നാളുകള്‍ക്ക് മുമ്പാണ്.
ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്ന് കേരള കൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് കെപിഎസി ലളിത ഇക്കാര്യം വെളിപ്പെടുത്തിയത്.
അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ‘അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ’ എന്ന് ചോദിച്ച് തന്നെ സംഘടനയുടെ അധ്യക്ഷനായിരുന്ന നടന് ഉമ്മര്‍ ശകാരിച്ചുവെന്നും ലളിത പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭാസിയെക്കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി നടി ഷീലയും രംഗത്ത് വന്നിരിക്കുന്നു.
ന്യൂസ് 18 കേരളവുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും. കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്ന് ഷീല പറയുന്നു.
അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ വേഷം നല്‍കിയില്ല എന്ന ഒറ്റക്കാരണം കൊണ്ടായിരുന്നു ഇത്തരം പ്രചാരണങ്ങള്‍. അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം ഒരാളെയും വേദനിപ്പിക്കരുത്.
ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്. ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നതും. അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ ഷീല പറഞ്ഞു.