കൊച്ചി: വിവാദമായ സോളാർ കേസ് നായിക സരിത എസ് നായരെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചു.
കൊച്ചിയിൽ കാറിൽ സഞ്ചരിക്കവെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി സരിത എസ് നായർ പരാതി നൽകി.
കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വെച്ച് കാറിന്റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയും ചെയ്തുവെന്നാണ് സരിതയുടെ പരാതി.
തനിക്കെതിരെ ആരോ നൽകിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസിൽ പരാതി നൽകി.
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് തന്റെ കാറിന് നേരെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതെന്ന് സരിത പരാതിയിൽ പറയുന്നു.
ബുള്ളറ്റിലെത്തിയ അക്രമികളിൽ ഒരാൾ കാറിന് മുന്നിലെത്തി വാഹനം നിർത്താൻ ആവശ്യപ്പെട്ടെന്നും ഈ സമയം മറ്റൊരു ബൈക്കിലുണ്ടായിരുന്ന സംഘം മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകർത്തുവെന്നും സരിത പൊലീസിനോട് പറഞ്ഞു.
ആക്രമണത്തിൽ കാറിന്റെ ഇടതുവശത്തെ ഗ്ലാസ് തകർന്നുവെന്നും പല ഭാഗങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചുവെന്നും സരിത പറഞ്ഞു.
അക്രമികൾ തന്റെ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അതിന് മുതിരാതെ നേരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നും സരിത പറഞ്ഞു.
ബുള്ളറ്റിലെത്തിയ ആൾ മുഖം മറച്ചിരുന്നില്ലെന്നും അയാളെ വ്യക്തമായി തിരിച്ചറിഞ്ഞെന്നും സരിത പൊലീസിന് മൊഴി നൽകി.
ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള ബുള്ളറ്റിന്റെ നമ്പർ പൊലീസിന് കൈമാറിയതായി സരിത പറഞ്ഞു.