ഹൈദരാബാദ്: മകനെ ഒന്നിനും നിർബന്ധിക്കില്ല. ഡോക്ടറോ,എൻജിനിയറോ അതുമല്ലെങ്കിൽ സ്പോർട്സ് താരമോ ആകാം. എല്ലാം അവന്റെ ആഗ്രഹംപോലെ. എന്തായിരുന്നാലും പിന്തുണ നൽകും.
ഇന്ത്യൻ ടെന്നീസ് താരം സാനിയാ മിർസയുടെ വാക്കുകളാണിത്. ഒരു അഭിമുഖത്തിലാണ് സാനിയ മനസുതുറന്നത്. ഭർത്താവും ഇതേ മനസിന് ഉടമയാണെന്നും സാനിയ പറയുന്നു.
തന്റെ തിരിച്ചുവരവിനെക്കുറിച്ചും സാനിയ പറയുന്നുണ്ട്. ”മകൻ വന്നതോടെ ജീവിതം ആകെ മാറി. പ്രസവത്തിനുമുമ്പ് ശരീരം ഒരുപാടു തടിച്ചു.
അത്കുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്. അതിൽ വിജയിക്കുമുണ്ട്.””. നേരത്തേ തടിച്ചുവീർത്ത ശരീരത്തിന്റെ ചിത്രം പുറത്തുവിട്ടതിന് സാനിയയെ ആരാധകർ ഏറെ വിമർശിച്ചിരുന്നു.
പ്രസവശേഷം പഴയ സാനിയയായി മടങ്ങിവരുമെന്ന് ആരാധകർക്ക് ഉറപ്പുനൽകിയ താരം ജിമ്മിൽ വ്യായാമം ചെയ്യുന്നതിന്റെ ചിത്രം പുറത്തുവിട്ടിരുന്നു.
അടുത്തവർഷത്തോടെയായിരിക്കും പൂർണതോതിലുള്ള തിരിച്ചുവരവെന്നാണ് സാനിയ നൽകുന്ന സൂചനകൾ. അമ്മ, ഭാര്യ എന്നീ നിലകളിലുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ളതുകൊണ്ടാണ് തിരിച്ചുവരവ് ഇത്രയും വൈകുന്നതെന്നും അവർ പറയുന്നു.
എന്നാൽ ഇപ്പോൾത്തന്നെ മുപ്പത്തിരണ്ടുവയസായ സാനിയ ഒരുവർഷം കൂടി കഴിഞ്ഞിട്ട് എന്തുകാട്ടാനാ എന്നാണ് ആരാധകരിൽ ചിലർ ചോദിക്കുന്നത്. എന്നാൽ പ്രായം പ്രശ്നമല്ലെന്നും തിരിച്ചുവരവ് ഗംഭീരമാകുമെന്ന് വിചാരിക്കുന്നവരും ഇല്ലാതില്ല.