സോളാറിലെ കോടികളുടെ തട്ടിപ്പ്; നടി ശാലുമേനോന്റെ ആഢംബര വീടും സ്ഥലവും ജപ്തി ചെയ്തു

30

ചങ്ങനാശ്ശേരി: സോളാര്‍ പാനലും കാറ്റാടി മില്ലും വാഗ്ദാനം ചെയ്ത് 1.35 കോടി രൂപ തട്ടിയെടുത്ത കേസില്‍ നടിയും നൃത്താധ്യാപികയുമായ ശാലു മേനോന്റെ ചങ്ങനാശേരിയിലെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. കേസില്‍ സാക്ഷികളെ 17-നു ഹാജരാക്കാനും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു.

ഡോക്ടര്‍ ദമ്ബതികളെയും പ്രവാസിയേയും കബളിപ്പിച്ച കേസിലാണു സബ് ജഡ്ജി ടി.ജി. വര്‍ഗീസിന്റെ ഉത്തരവ്. 2013-ലാണ് കേസിനാസ്പദമായ സംഭവം. സ്വിസ് സോളാര്‍ ടെക്നോളജീസ് കമ്ബനിയുടെ നടത്തിപ്പുകാരന്‍ ഡോ.ആര്‍.ബി. നായരെന്ന ബിജു രാധാകൃഷ്ണനാണ് ഒന്നാംപ്രതി. ശാലു മേനോന്റെ മാതാവ് കലാദേവി മൂന്നാംപ്രതിയാണ്.

Advertisements

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍നിന്ന് 29,60,000 രൂപയാണു തട്ടിയെടുത്തത്. പ്രവാസിയായ റാസിഖ് അലിയില്‍നിന്ന് 1,04,60,000 രൂപ തട്ടിയെടുത്തു. വീട്ടില്‍ സോളാര്‍ പാനലും തമിഴ്നാട്ടില്‍ കാറ്റാടി മില്ലുകളും സ്ഥാപിച്ചുനല്‍കാമെന്നു പറഞ്ഞ് പത്രപ്പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ മുഖ്യ ഉപദേഷ്ടാവാണെന്നും കേന്ദ്രധനമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും ബിജു അവകാശപ്പെട്ടതായി ഡോ. മാത്യു കോടതിയില്‍ മൊഴി നല്‍കി.

പിന്നീട് ബിജു ഓഫീസ് പൂട്ടി മുങ്ങി. വിദേശത്തുനിന്നു മടങ്ങിവന്ന റാസിഖ് അലിയെ ബിജുവും ശാലുവും ചേര്‍ന്നാണു സമീപിച്ചത്. വഞ്ചിച്ചെടുത്ത തുകയുടെ സിംഹഭാഗവും ശാലുവിനാണു ബിജു നല്‍കിയത്. ശാലുവിനായി 25 ലക്ഷം രൂപയ്ക്കു സ്ഥലം വാങ്ങി, ആഡംബരവീടും നിര്‍മിച്ചുനല്‍കി. സ്ഥലമുടമയ്ക്ക് 25 ലക്ഷം രൂപയുടെ ചെക്ക് ബിജു നല്‍കിയതായി പ്രത്യേകാന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ബിജുവിന്റെ സാന്നിധ്യത്തില്‍, ഒരു വസ്ത്രവ്യാപാരശാലയില്‍വച്ച്‌ 20 ലക്ഷം രൂപ ശാലുവിനു കൈമാറിയതായി റാസിഖ് അലി മൊഴി നല്‍കി. ഇതില്‍ 4,75,000 രൂപ ആദ്യ ഇന്‍സ്റ്റാള്‍മെന്റായി മുടക്കി ശാലുവിനു ബിജു ആഡംബരവാഹനം വാങ്ങിനല്‍കി.

ശാലുവിന്റെ വീട് നിര്‍മാണത്തിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് റാസിഖ് അലിക്കു ബിജു സന്ദേശമയച്ചതായും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ശാലുവിനു ബിജു വാങ്ങിനല്‍കി. വിവാഹിതരാകാന്‍ ഇരുവരും തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കി. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വര്‍ഷങ്ങളായി ബിജു രാധാകൃഷ്ണന്‍ ജയലിലാണ്.

Advertisement