ഇത്തവണത്ത ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കിയെങ്കിലും യുവതാരം ഋഷഭ് പന്തിനും മധ്യനിര ബാറ്റ്‌സ്മാൻ അംബാട്ടി റായുഡുവിനും പ്രതീക്ഷ നൽകുന്ന പ്രഖ്യാപനവുമായി ബിസിസിഐ.
ഋഷഭ് പന്തിനെയും റായുഡുവിനെയും ലോകകപ്പ് ടീമിലെ സ്റ്റാൻഡ് ബൈ അംഗങ്ങളായി ബിസിസിഐ പ്രഖ്യാപിച്ചു.
ഐപിഎല്ലിൽ മികവുകാട്ടിയ റോയൽ ചലഞ്ചേഴ്‌സ് ബംഗലൂരുവിന്റെ പേസർ നവദീപ് സെയ്‌നിയും സ്റ്റാൻഡ് ബൈ താരങ്ങളുടെ ലിസ്റ്റിലുണ്ട്.
15 അംഗ ലോകകപ്പ് ടീമിലെ ആർക്കെങ്കിലും പരിക്കേറ്റാൽ ഇവരെയാകും ടീമിലേക്ക് ആദ്യം പരിഗണിക്കുക.
ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് തെരഞ്ഞെടുത്തതുപോലെ മൂന്ന് സ്റ്റാൻഡ് ബൈ താരങ്ങളെയാണ് ലോകകപ്പിനായും തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ബിസിസഐ പ്രതിനിധി പിടിഐയോട് പറഞ്ഞു.
ഋഷഭ് പന്ത് ആണ് ആദ്യ സറ്റാൻഡ് ബൈ താരം. ടീമിലെ ബാറ്റ്‌സ്മാൻമാർക്കോ വിക്കറ്റ് കീപ്പർക്കോ പരിക്കേറ്റാൽ ആദ്യം പരിഗണിക്കുക പന്തിനെയാവും.
അംബാട്ടി റായുഡു രണ്ടാമത്തെ സ്റ്റാൻഡ് ബൈ താരമാവുമ്പോൾ 15 അംഗ ടീമിലെ രണ്ടാമതൊരു ബാറ്റ്‌സ്മാന് പരിക്കേറ്റാൽ റായുഡുവിനെ പരിഗണിക്കും.
ടീമിലെ മൂന്ന് പേസർമാരിൽ ആർക്കെങ്കിലും പരിക്കേറ്റാലാവും സെയ്‌നിയെ ടീമിലെടുക്കുക.
ലോകകപ്പ് ടീമിൽ നിന്ന് ഋഷഭ് പന്തിനെയും അംബാട്ടി റായുഡുവിനെയും ഒഴിവാക്കിയതിനെതിരെയ ആരാധകർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുയർന്നിരിക്കെയാണ് ബിസിസിഐയുടെ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം.
ഋഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കാണ് ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായത്. അംബാട്ടി റായുഡുവിന് പകരം വിജയ് ശങ്കറും 15 അംഗ ടീമിലെത്തി.
മെയ് 30ന് ഇംഗ്ലണ്ടിലും വെയിൽസിലുമായി ആരംഭിക്കുന്ന ലോകകപ്പിൽ ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.