‘കേരളം അപകടത്തില്‍, പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’; കേന്ദ്രത്തിനോട് ആവശ്യവുമായി രാഹുല്‍ ഗാന്ധി

26

കൊച്ചി: കേരളത്തിലെ പ്രളയം എത്രയും പെട്ടെന്ന് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

‘ദയവായി കേരളത്തിലെ വെള്ളപ്പൊക്കം എത്രയും പെട്ടെന്ന് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്”. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Advertisements

അതേസമയം, പ്രളയക്കെടുതിയിലായ കേരളത്തിന് 500 കോടി രൂപയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നാവിക ആസ്ഥാനത്തു ചേര്‍ന്ന പ്രത്യേക യോഗത്തിലാണു പ്രഖ്യാപനം. ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അടിയന്തര ധനസഹായം പ്രഖ്യാപിച്ചത്.

ഇതുകൂടാതെ പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്രം നല്‍കും. ഗ്രാമ പ്രദേശങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ചുനല്‍കാനും തീരുമാനമായിട്ടുണ്ട്.

Advertisement