പുല്‍വാമ ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ക്ക് വീരമൃത്യു; മരിച്ചവരില്‍ ഒരു മലയാളിയും; 1980ന് ശേഷം കശ്മീരില്‍ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം

16

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭികാരാക്രമണത്തില്‍ 44 സിആര്‍പിഎഫ്. ജവാന്മാര്‍ക്ക് വീരമൃത്യു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ മലയാളിയും കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് മരിച്ചത്.

Advertisements

സിആര്‍പിഎഫിന്റെ എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ ആക്രമണം. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു.

മരണസംഖ്യ ഉയരാനിടയുണ്ട്. വയനാട് വൈത്തിരി കുന്നത്തിടവക വില്ലേജില്‍ വെറ്ററിനറി കോളേജിന് സമീപം പരേതനായ വാസുദേവന്റെ മകന്‍ വി.വി.വസന്തകുമാറാണ് വീരമൃത്യു വരിച്ച മലയാളി.

ജമ്മു -ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ജമ്മുകശ്മീരിന്റെ ചരിത്രത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്.

സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്‌ഫോടനം നടത്തിയത്. വാഹന വ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ സ്‌കോര്‍പ്പിയോ വാഹനം ഇടിച്ചു കയറ്റിയത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത്.

പുല്‍വാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തില്‍ 78 ബസുകളുണ്ടായിരുന്നു. 2500 ലധികം ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. അന്വേഷണത്തിനായി 12 അംഗ എന്‍ഐഎ സംഘം ജമ്മു കശ്മീരിലെത്തും.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.

ഉഗ്രസ്‌ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. സ്‌ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 78 വാഹനങ്ങളുള്‍പ്പെട്ട വ്യൂഹത്തിനുനേരെ ജയ്‌ഷെ ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ സ്‌ഫോടകവസ്തു നിറച്ച സ്‌കോര്‍പിയോ ഓടിച്ചുകയറ്റുകയായിരുന്നു.

350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുകശ്മീരില്‍നിന്ന് പുറപ്പെട്ട വാഹനവ്യൂഹം വൈകീട്ട് മൂന്നേകാലിന് അവന്തിപ്പോറയിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ശ്രീനഗറിലെത്താന്‍ 30 കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണിത്.

ജവാന്മാരിലധികവും അവധികഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയവരായിരുന്നു. ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നും തിരിച്ചടിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യസുരക്ഷയ്ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വെള്ളിയാഴ്ച രാവിലെ അടിയന്തര യോഗം ചേരും.

പുല്‍വാമയിലെ കാകപോറയില്‍നിന്നുള്ള ആദില്‍ അഹമ്മദ് ദര്‍ ആണ് ചാവേറായെത്തിയതെന്ന് വീഡിയോയിലൂടെ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് അവകാശപ്പെട്ടു. കാകപോറയിലെ ഗുണ്ടിബാഗില്‍നിന്നുള്ള ദര്‍ കഴിഞ്ഞവര്‍ഷമാണ് ജെയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത്.

വഖാസ് കമാന്‍ഡോ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ദര്‍ ആക്രമണത്തിനു പുറപ്പെടുംമുമ്ബ് ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നു കരുതുന്നു. ഡസന്‍ കണക്കിന് വാഹനങ്ങള്‍ തകര്‍ത്തെന്ന് ജെയ്‌ഷെ വക്താവ് അവകാശപ്പെട്ടു.

ജയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷന്‍ ചീഫ് ആയിരുന്ന ഖാലിദിനെ 2017ല്‍ ഇന്ത്യന്‍ സേന വെടിവച്ചു കൊന്നിരുന്നു. ഇതിനു തിരിച്ചടിയായി കശ്മീരില്‍ ഭീകരര്‍ വ്യാപക ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു. ഉഗ്രശേഷിയുള്ള ഇംപ്രവൈസ്ഡ് എക്‌സ്പ്‌ളോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്‌ഫോടനം.

ആക്രമണത്തില്‍ പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ചാവേര്‍ ആക്രമണത്തിനു പിന്നാലെ വെടിവയ്പും ഉണ്ടായതായി പരിസരവാസികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്നു പ്രദേശത്തു വന്‍ സൈനിക സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. നിന്ദ്യമായ ആക്രമണമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും പ്രധാനമന്ത്രി സംസാരിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വെള്ളിയാഴ്ചത്തെ ബീഹാര്‍ സന്ദര്‍ശനം റദ്ദാക്കി.

സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ പുല്‍വാമയില്‍ നടന്ന ആക്രമണം നിന്ദ്യമാണ്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. നമ്മുടെ സുരക്ഷാ സേനയുടെ ജീവത്യാഗം പാഴാകില്ല. ധീരരക്തസാക്ഷികളുടെ കുടുംബങ്ങളോടൊപ്പം രാജ്യം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുകയാണ്. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും കശ്മീര്‍ ഭീകരാക്രമണത്തെ അപലപിച്ചു. ആക്രമണത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. ഈ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ച് മുന്നോട്ട് വരണമെന്നും മെഹബൂബ പറഞ്ഞു.

ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവരും ആക്രമണത്തെ അപലപിച്ചു.

സമീപകാലത്ത് കശ്മീരില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത്. 1980 ശേഷം ഇത്രവലിയൊരു ആള്‍നാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്മീരില്‍ ഉണ്ടായ 18ാമത്തെ വലിയ ആക്രമണവും. 2016 സെപ്റ്റംബര്‍; 18ന് ഉറിയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം സേനയ്ക്ക് വലിയതോതില്‍ ആള്‍നാശം ഉണ്ടായ ഭീകരാക്രമണം കൂടിയാണ് ഇത്.

Advertisement