യാത്രകക്കാരെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ച കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ നിർദേശിച്ച് ഗതാഗത കമ്മീഷണർ; കർശന നടപടിയെന്ന് ഡി.ജി.പി; സുരേഷ് കല്ലട കുടുങ്ങി

15

ജീവനക്കാർ ക്രൂരമായി ബസ് യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ബംഗളൂരു സർവീസ് നടത്തുന്ന കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കും. ഗതാഗത കമ്മീഷണറാണ് നിർദേശം പുറപ്പെടുവിച്ചത്.

ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു. ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ബസ് പൊലീസ് പിടിച്ചെടുക്കും. പരാതിയുടെ അടിസ്ഥാനത്തിൽ കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനമേറ്റവരുടെ മൊഴിയെടുത്ത ശേഷം പ്രതികൾക്കെതിരെ കൂടുതൽ കുറ്റം ചുമത്തും.

കേടായ ബസിനു പകരം ബദൽ സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടതിനാണ് യുവാക്കളെ ബസ് ജീവനക്കാർ ക്രൂരമായി മർദ്ദിച്ചത്.

തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോയ സുരേഷ് കല്ലട ബസാണ് അർദ്ധരാത്രി നടുറോഡിൽ കേടായത്. ബംഗ്‌ളൂരുവിൽ വിദ്യാർത്ഥികളായ മൂന്ന് പേരെയാണ് ജീവനക്കാരും മറ്റും സംഘം ചേർന്ന് മർദ്ദിച്ചത്.

തിരുവനന്തപുരത്തു നിന്ന് ശനിയാഴ്ച രാത്രി പത്തോടെ പുറപ്പെട്ട മൾട്ടി ആക്സിൽ എസി ബസ് ഹരിപ്പാടിനു സമീപം കരുവാറ്റയിൽ വെച്ച് കേടായി.

തുടർന്നു ഡ്രൈവറും ക്ലീനറും ബസിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഫോണുകൾ ഓഫ് ചെയ്തെന്നും യാത്രക്കാർ പറയുന്നു.

മണിക്കൂറുകളോളം പെരുവഴിയിലായ യാത്രക്കാർ ജീവനക്കാരുമായി തർക്കമായി. തുടർന്ന് ഹരിപ്പാട് പൊലീസ് ഇടപെടുകയും പകരം ബസ് എത്തിച്ച് യാത്ര തുടരുകയും ചെയ്തു.

പുലർച്ചെ നാലരയോട ബസ് കൊച്ചി വൈറ്റിലയിലെ കല്ലട ഓഫിസ് പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. ഹരിപ്പാട്ടെ തർക്കത്തിനു പകരം ചോദിക്കാൻ ജീവനക്കാർ കൂട്ടത്തോടെ ബസിനുള്ളിലേക്കു കയറി യുവാക്കളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു.

തുടർന്ന് ജീവനക്കാർ ഇവരെ ബലമായി വലിച്ചിഴച്ച് ബസിനു പുറത്താക്കി. ബസ് ബംഗളൂരുവിലേക്കു യാത്ര തുടർന്നു. ഉറക്കത്തിലായിരുന്ന സ്ത്രീകളും കുട്ടികളും അടക്കം ഞെട്ടിയുണർന്നെങ്കിലും ഭയന്ന് ആരും പ്രതികരിച്ചില്ല.

ഈ സമയം യാത്രക്കാരിലൊരാൾ മർദ്ദനത്തിന്റെ വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

പതിനഞ്ചോളം പേർ ചേർന്നാണ് യുവാക്കളെ മർദ്ദിച്ചതെന്ന് ജേക്കബ് ഫിലിപ്പ് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റ് പ്രചരിച്ചതോടെ, സുരേഷ് കല്ലട ഓഫിസിൽ നിന്ന് ഭീഷണി കോളുകൾ വരുന്നുണ്ടെന്നും ജേക്കബ് പറഞ്ഞു.

പുലർച്ചെ വിവരമറിഞ്ഞ് വൈറ്റിലയിൽ എത്തിയ പൊലീസ് സംഘം അവശരായ മൂന്ന് യുവാക്കളെയും കണ്ടെത്തി. ചികിത്സയ്ക്കായി ഇവരെ ഓട്ടോറിക്ഷയിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു.

എന്നാൽ ഇവർ പരിസരത്തെ ഒരു ആശുപത്രിയിലും എത്തിയിട്ടില്ലെന്ന് എസ്ഐ പറഞ്ഞു. അതേസമയം സംഭവത്തിൽ ഉൾപ്പെട്ട യുവാക്കൾ, ബസിന്റെ ക്ലീനറെ ആക്രമിച്ചെന്ന് ബസ് ഉടമയായ കെആർ സുരേഷ് കുമാർ പറഞ്ഞു.

Advertisement