കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയുടെ പോലീസ് സുരക്ഷ പിന്‍വലിച്ചു. കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് ജയിലില്‍ അടച്ചതിനാല്‍ രാജേശ്വരിയ്ക്ക് നിലവില്‍ ഭീഷണി ഇല്ലെന്നും അതിനാല്‍ സുരക്ഷാ ജോലി ഒഴിവാക്കണമെന്ന് വനിതാ പൊലീസുകാര്‍ ഒന്നിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.
മകളുടെ മരണത്തിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്നു പരാതിപ്പെട്ടതിനാലാണ് രാജേശ്വരിയ്ക്ക് പോലീസ് സുരക്ഷ നല്‍കിയിരുന്നത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പോലീസുകാരെയായിരുന്നു സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് രാജേശ്വരി വീണ്ടും ആരോപിക്കുന്നത്.
കോടനാട് സ്റ്റേഷന്‍ പരിധിയിലുള്ള ഇവരുടെ വീട്ടിലും ഇവര്‍ പോകുന്ന ഇടങ്ങളിലൊക്കെയും പോലീസുകാര്‍ കൂടെ പോകുന്നതായിരുന്നു പതിവ്. രാജേശ്വരിയുമായി പൊരുത്തപ്പെട്ട് പോകാന്‍ പൊലീസുകാര്‍ക്ക് സാധിക്കാത്തതാണ് സുരക്ഷ പിന്‍വലക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീട്ടുജോലി ചെയ്യിപ്പിച്ചതായും രാജേശ്വരിയുടെ മുടി ചീകികെട്ടി നല്‍കാന്‍ വരെ നിര്‍ബന്ധിച്ചിരുന്നെന്നും പോലീസുകാര്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസുകാരോടുള്ള രാജേശ്വരിയുടെ പെരുമാറ്റത്തെക്കുറിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പറയുന്ന കാര്യങ്ങള്‍ ചെയ്ത് നല്‍കിയില്ലെങ്കില്‍ പോലീസുകാര്‍ക്ക് എതിരായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. നേരത്തെ മകളുടെ പേരില്‍ ലഭിച്ച പണം ധൂര്‍ത്തടിക്കുകയായിരുന്നെന്ന് രാജേശ്വരിക്കെതിരെ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.